TOPICS COVERED

കഴിഞ്ഞ അഞ്ച് വര്‍ഷം എം.പിയെന്ന നിലയില്‍ രമ്യ ഹരിദാസ് പൂര്‍ണ പരാജയമായിരുന്നുവെന്ന് നേതാക്കള്‍. ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും തിരുത്തി മുന്നോട്ട് പോവാത്തതാണ് ആലത്തൂര്‍ സീറ്റ് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും വിമര്‍ശനം. ജില്ലാ നേതൃത്വം നിസഹരിച്ചെന്നും ബൂത്ത് കമ്മിറ്റികള്‍ സജീവമാവാത്തതാണ് പരാജയ കാരണമെന്നും ആലത്തൂര്‍ തോല്‍വി പഠിക്കാനെത്തിയ കെ.പി.സി.സി സമിതിക്ക് മുന്നില്‍ രമ്യയെ അനൂകൂലിക്കുന്നവരും പറഞ്ഞു. 

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഏറെ മുന്‍പ് ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാത്തതാണ് ആലത്തൂരിലെ തോല്‍വിക്ക് കാരണമെന്നായിരുന്നു ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. സിറ്റിങ് എം.പിയുടെ പ്രവര്‍ത്തനം മെച്ചപ്പെടണമെന്നും പ്രവര്‍ത്തകര്‍ക്കുണ്ടായ അതൃപ്തി പരിഹരിക്കണമെന്നും നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. യാതൊരു നടപടിയുമുണ്ടായില്ല. ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ നേടി വിജയിച്ചതിന്റെ തലക്കനം മാറ്റി പ്രവര്‍ത്തിക്കാന്‍ എം.പി തയ്യാറായില്ലെന്നും നേതാക്കള്‍ മൊഴി നല്‍കി. സ്ഥാനാര്‍ഥിയെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമില്ലെന്നും നേതൃത്വം ആലത്തൂരിനെ തഴഞ്ഞ മട്ടിലായിരുന്നു പ്രവര്‍ത്തിച്ചതെന്നും രമ്യ ഹരിദാസിനെ അനുകൂലിക്കുന്നവര്‍. ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിനോ ആത്മാര്‍ഥമായി ഇടപെടുന്നതിനോ ഡിസിസിക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനമുണ്ടായി. വ്യക്തിപരമായി ആര്‍ക്കെതിരെയും പരാതിയുണ്ടായില്ലെന്നായിരുന്നു സമിതി അധ്യക്ഷന്റെ നിലപാട്. 

കെ.രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവവും, കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ ഒരു ലക്ഷത്തിനോടടുത്ത് ബി.ജെ.പി കൂടുതല്‍ വോട്ട് നേടിയതുമാണ് പരാജയ കാരണമെന്ന് പറയുമ്പോഴും ശരിയായ മട്ടില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് ആലത്തൂര്‍ കൈമോശം വരാതെ നോക്കാന്‍ കഴിയുമായിരുന്നുവെന്നും നേതാക്കള്‍. മുതിര്‍ന്ന നേതാക്കളും പ്രധാന ഭാരവാഹികളുമെല്ലാം തെളിവെടുപ്പിനെത്തി. സ്ഥാനാര്‍ഥിയായിരുന്ന രമ്യ ഹരിദാസും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും അന്വേഷണ കമ്മിഷന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

Leaders are saying that Ramya Haridas was a complete failure as an MP in the last five years.