pv-anwar-against-p-sasi
  • 'ഫോണ്‍ ചോര്‍ത്തിയത് ഗതികേട് കൊണ്ട്'
  • 'ജീവന് ഭീഷണിയുണ്ട്'
  • 'അജിത്​കുമാര്‍ ആളെ കൊല്ലിച്ചിട്ടുണ്ട്'

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എഡിജിപി എം.ആര്‍. അജിത്കുമാറിനുമെതിരെ ആഞ്ഞടിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളില്‍ പി. ശശി വീഴ്ച വരുത്തിയെന്നും മന്ത്രിമാരുടെയടക്കം ഫോണുകള്‍ അജിത് കുമാര്‍ ചോര്‍ത്തുകയാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പി. ശശി ഇങ്ങനെ മുന്നോട്ട് പോയാല്‍ പാര്‍ട്ടി സംവിധാനങ്ങള്‍ മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രിയെ ഈ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ലെന്നും അന്‍വര്‍ പറയുന്നു. 

 

എം.ആര്‍.അജിത് കുമാറിന്‍റെ പ്രവര്‍ത്തനം ദാവൂദ് ഇബ്രാഹിനെ കടത്തിവെട്ടുന്നതാണ്. സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത് ക്രൈം കണ്ടുപിടിക്കാനല്ലെന്നും മന്ത്രിമാരുടെയും നേതാക്കളുടെയും കോളുകള്‍ ചോര്‍ത്താനാണെന്നും അന്‍വര്‍ ആരോപിച്ചു. വന്‍ അഴിമതിയാണ് അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. അജിത്കുമാറിനെ വിശ്വസിച്ച് സര്‍ക്കാര്‍  പലകാര്യങ്ങളും ഏല്‍പ്പിച്ചുവെന്നും അതെല്ലാം തകിടം മറിച്ചുവെന്നും അന്‍വര്‍ പറയുന്നു. പൊലീസിന്‍റെ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാട്ടാനാണ് പത്തനംതിട്ട എസ്പിയുടെ ഫോണ്‍ ചോര്‍ത്തിയത്. ഗതികേട് കൊണ്ടാണ് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനായി ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും അതില്‍ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തി.

പത്തനംതിട്ട എസ്പി സുജിത് ദാസ് ഐപിഎസ് കിട്ടുന്നതിന് മുന്‍പ് കസ്റ്റംസിലായിരുന്നു. സ്വര്‍ണക്കടത്തിന് അദ്ദേഹം കൂട്ടുനില്‍ക്കുകയാണെന്നും അന്‍വര്‍ ആരോപിക്കുന്നു. വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടിക്കാതെ വിടുന്നതിന് പിന്നില്‍ സുജിത്ദാസാണ്. വിവരം സുജിത് ദാസിനെ അറിയിക്കുന്നു, അവര്‍ വാഹനംതടഞ്ഞ് പിടിക്കുകയാണെന്നും അന്‍വര്‍ പറയുന്നു.ഇതിനെല്ലാം പി. ശശി കൂട്ടുനില്‍ക്കുകയാണ്. എസ്.പി സുജിത് ദാസ് ലീവില്‍ പോയത് തെളിവ് നശിപ്പിക്കാനാണെന്നും എം.എല്‍.എ ആരോപിച്ചു.വലിയ ടീമിനോടാണ് ഏറ്റുമുട്ടുന്നതെന്നും ജീവന് ഭീഷണിയുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ജീവനുണ്ടെങ്കില്‍ ഇതിനെതിരെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

PV Anwar against CM's political secretary P Sasi and ADGP AjitKumar.