pinarayi-ajithkumar-anwar
  • മുഖ്യമന്ത്രി–ഡിജിപി കൂടിക്കാഴ്ച ഇന്ന്
  • പ്രത്യേക അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചേക്കും
  • ആക്ഷേപങ്ങള്‍ സിപിഎം പരിശോധിക്കും

എഡിജിപിഎം.ആർ.അജിത്കുമാറിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ കമ്മറ്റിയെ നിയോഗിക്കേണ്ടി വരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് ഡിജിപി . കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ ഇന്ന് മുഖ്യമന്ത്രിയും ഡിജിപിയും നേരിട്ട് കാണും. എഡിജിപി ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതോടെ എസ്.പി. സുജിത് ദാസിനെതിരായ നടപടിയും വൈകുകയാണ്.

 

പി വി അൻവർ എംഎൽഎയോട് കെഞ്ചുന്ന സുജിത്ത് ദാസിന്റെ സംഭാഷണത്തിൽ കേരള പോലീസ് ഒന്നടങ്കം നാണംകെട്ട് നിൽക്കുകയായിരുന്നു. സുജിത്തിനെ സസ്പെൻഡ് ചെയ്ത് ആ നാണക്കേട് നിന്ന് തലയൂരാൻ ശ്രമിക്കുന്നതിനിടയിലാണ് അതിലും വലിയ ആരോപണം എഡിജിപി ക്കെതിരെ ഉയരുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ കൂട്ടുപിടിച്ച് അജിത് കുമാർ നടത്തിവന്നിരുന്ന പല കാര്യങ്ങളിലും ഡിജിപിയടക്കം പോലീസിലെ ഭൂരിഭാഗം പേർക്കും എതിർപ്പുണ്ടായിരുന്നു. ഇതിനിടെ ഭരണകക്ഷി എംഎൽഎ തന്നെ ഗുരുതര ആരോപണമുയർത്തിയതോടെ പൂർണ്ണമായും തള്ളാനോ കൊള്ളാനോ സാധിക്കാത്ത അവസ്ഥയിലാണ് പോലീസ്. സുജിത്ത് ദാസും അജിത് കുമാറും ഒരേ ആരോപണം നേരിടുമ്പോൾ സുജിത്തിനെതിരെ മാത്രം നടപടിയെടുത്താൽ അത് തിരിച്ചടി ആകുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ എഡിജിപി ക്കെതിരെ നടപടി വേണമെങ്കിൽ സർക്കാർ തീരുമാനിക്കണം. എ ഡിജിപി ക്കെതിരെ അന്വേഷണം നടത്തണമെങ്കിൽ പോലും ഡിജിപി യോ ആഭ്യന്തര സെക്രട്ടറിയോ നടത്തണം.അതിനാൽ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെ എന്നാണ് ഉന്നത പോലീസ് നിലപാട്.

 പി വി അൻവർ പറഞ്ഞതുപോലെ രേഖാമൂലം പരാതി നൽകിയാൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയെ കൊണ്ട് അന്വേഷണം നടത്താതിരിക്കാനാവില്ലന്നും വിലയിരുത്തുന്നു. ഇന്ന് കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ഡിജിപിയും പങ്കെടുക്കുന്നുണ്ട്. എംആർ അജിത് കുമാറും  പങ്കെടുത്തേക്കും. ഇവിടെവെച്ചോ അതിനുശേഷം തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞോ മുഖ്യമന്ത്രി നിലപാട് അറിയിക്കും എന്ന പ്രതീക്ഷയിലാണ് പോലീസ് കാത്തിരിക്കുന്നത്.

ENGLISH SUMMARY:

CPM in defence after PV Anwar MLA's allegation against ADGP and CM's political Secretary. CM might take decison soon.