എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും കുരുക്കിൽ. ശശിക്കെതിരെ അന്വേഷണം ഉണ്ടാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പ്രതികരിക്കാനില്ലന്ന് പി. ശശി അറിയിച്ചു. പി വി അൻവർ എംഎല്‍എ കടന്നാക്രമിച്ചത് അജിത് കുമാറിനെ ആണെങ്കിലും ലക്ഷ്യമിട്ടത് പി ശശിയെയാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് അജിത് കുമാറിനെതിരെ അന്വേഷണം വരുമ്പോൾ സമാന ആരോപണം നേരിടുന്ന ശശി തുടരുന്നതിനോട് മുഖ്യമന്ത്രിക്കും താല്‍പര്യമുണ്ടാകില്ല.
തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിയരുന്ന എം ശിവശങ്കറിനെതിരെ കേസെടുത്തപ്പോഴുള്ള സാഹചര്യത്തിന് സമാനമാണ് ഇപ്പോഴത്തെ സ്ഥിതി. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരുന്നതനുകൂടി സ്വര്‍ണക്കടത്ത് ബന്ധമെന്ന ആരോപണമാണ് ശക്തമാകുന്നത്.
പ്രതികരിക്കാൻ സാധിക്കുന്ന പദവിയിലല്ല താനെന്ന് പറഞ്ഞ് പി ശശി ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. 2022 ഒക്ടോബറിലാണ് അജിത് കുമാർ ക്രമസമാധാന ചുമതലയിൽ എത്തിയത്. അന്ന് മുതൽ ശശി - അജിത് കുമാർ കൂട്ടുകെട്ടാണ് പൊലീസിനെ നയിക്കുന്നത്. അതിൽ ഡി ജി പിക്കടക്കം എതിർപ്പുണ്ട്. ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെടാൻ ഡി ജി പി യെ പ്രേരിപ്പിച്ചതും ഇതാണ്. ഐ പി എസ് അസോസിയേഷൻ പോലും പിന്തുണയുമായി എത്തിയില്ല. പൊലീസിലും അജിത് കുമാർ ഒറ്റപ്പെട്ടു. ഇതോടെയാണ് സർക്കാരും അന്വേഷണത്തിന് തീരുമാനിച്ചത്. പി വി അൻവറുമായുള്ള ഫോൺ വിളിയിൽ സുജിതി ദാസ് കുറ്റക്കാരനെന്ന് ഡി ഐ ജി അജിത ബീഗം റിപ്പോർട്ട് നൽകിയതോടെ ഇന്ന് സസ്പെൻസ് ചെയ്തേക്കും.