മന്ത്രിയാകാന്‍ തോമസ്.കെ.തോമസും, സ്ഥാനം നിലനിര്‍ത്താന്‍ എ.കെ.ശശീന്ദ്രനും നീക്കം കടുപ്പിച്ചതോടെ എന്‍.സി.പിയില്‍ വീണ്ടും ചേരിപ്പോര്. ഇതുവരെ എതിരുനിന്ന സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയെ ഒപ്പം നിര്‍ത്തിയാണ് കുട്ടനാട് എംഎല്‍എ തോമസ്.കെ.തോമസിന്റെ നീക്കം. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് എ.കെ. ശശീന്ദ്രനെ സംസ്ഥാന നേതാക്കള്‍ കാണും.
മന്ത്രി മാറണം എന്ന ആവശ്യം ഏറെ നാളായി തോമസ് കെ തോമസും അനുകൂലികളും ഉന്നയിക്കുന്നതാണ്. പി.സി. ചാക്കോ അന്നൊക്കെ ഒപ്പം നിന്നത് എ.കെ. ശശീന്ദ്രന് അനുകൂലമായി. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റും കളം മാറിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലാപ്രസിഡന്റുമാരുടെ പിന്തുണയും തോമസ് കെ തോമസ് ഉറപ്പിച്ചു. ശരദ് പവാര്‍ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തെ കാണാന്‍ തോമസ്.കെ.തോമസ് നാളെ മുംബൈയ്ക്ക് പോകും. അതോടെ മന്ത്രിപദം സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനം ആകും എന്നാണ് തോമസ്.കെ.തോമസിന്റെയും അനുകൂലുകളുടെയും പ്രതീക്ഷ.
അതായത് അധികം കാത്തിരിക്കേണ്ടിവരില്ലെന്ന് അവരുറപ്പിക്കുന്നു. എന്നാല്‍ എതിര്‍ഭാഗത്തിന്റെ നീക്കം പ്രതിരോധിക്കാനുള്ള ശ്രമം ശശീന്ദ്രന്‍ അനുകൂലികളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. അതെത്രത്തോളെ ഫലം കാണുമെന്ന ഉത്കണ്ഠയും അവര്‍ക്കുണ്ട്. എന്‍.സി.പിയിലെ ചേരിപ്പോരില്‍ മുന്‍പൊക്കെ സി.പി.എം ശശീന്ദ്രന്‍ വിഭാഗത്തിനൊപ്പമായിരുന്നു. എന്നാല്‍ മന്ത്രി മാറ്റവിഷയത്തില്‍ ആ നിലപാട് പി.സി ചാക്കോ ഗതിമാറ്റിവിട്ടിട്ടുവെന്നാണ് വിവരം. അതുകൊണ്ടുതന്നെ ദേശീയനേതൃത്വത്തിന്റെ അഭിപ്രായത്തിന് കാക്കുകയാണ് ഇരുപക്ഷവും.