k-sudhakaranwarn

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ തലസ്ഥാന നഗരി മണിക്കൂറുകളോളം യുദ്ധക്കളമായി. പൊലീസ് ഏഴുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് വളഞ്ഞിട്ട് തല്ലിയെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിന്‍റെ കണ്ണിനും പരുക്കേറ്റു. രാഹുല്‍ മാങ്കൂട്ടത്തിലിനും അടിയേറ്റു. തുടര്‍ന്ന് എംജി റോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

 

പൊലീസുകാര്‍ കാട്ടുമൃഗങ്ങളെപ്പോലെ പെരുമാറിയെന്നും, സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അതിക്രമം കാട്ടിയ പൊലീസുകാര്‍ക്ക് വ്യക്തിപരമായി മറുപടി നല്‍കുമെന്നും, സമരസ്ഥലത്ത് എത്തിയ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. തല്ലിയ എല്ലാ പൊലീസുകാരെയും നാട്ടില്‍ കാണുമെന്ന് സുധാകരന്‍ വെല്ലുവിളിച്ചു. എന്താണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കാണിച്ച അക്രമം.? മുദ്രാവാക്യം വിളിച്ചതോ? അവിടെ കുത്തിയിരുന്നതോ?. എന്തിനാണ് പൊലീസുകാര്‍ അടിച്ച് അവരുടെ തലയും എല്ലും പൊട്ടിച്ചത്. ? 

ഒരു രാഷ്ട്രീയ പാര്ട്ടി നടത്തുന്ന സമരത്തിന് ലക്ഷ്യമില്ലേ?. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ ടാര്‍ഗറ്റ് ചെയ്തുള്ള അക്രമമായിരുന്നു നടന്നത്. കാക്കിയുടുപ്പിട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിപിഎമ്മാണ്. അവനെ നോട്ട് ചെയ്തിട്ടുണ്ട്. അവനെ ഞങ്ങള്‍ കാണും. പാഠം പഠിപ്പിക്കും. അതിലൊരു തര്‍ക്കവും വേണ്ട. പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. അതേറ്റെടുക്കുക തന്നെ ചെയ്യുമെന്നും കെ. സുധാകരന്‍ പറഞ്ഞു. 

യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്രകാരം എസ്.ഐ. ജിജുവിനെ സമരസ്ഥലത്തുനിന്ന് മാറ്റി. ഇതോടെയാണ് സമരസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് പോകാന്‍ അബിന്‍ വര്‍ക്കി സന്നദ്ധനായത്.

ENGLISH SUMMARY:

'CM must resign': Youth Cong activists clash with police in march to Secretariat