ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെല്ലയുമായി കൂടിക്കാഴ്ച നടത്തിയെന്ന എഡിജിപി എം. ആര്‍ അജിത്ത് കുമാറിന്‍റെ വെളിപ്പെടുത്തലില്‍ രാഷ്ട്രീയ വിവാദം കനക്കുന്നു. കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ഗൗരവതരമെന്ന് സിപിഐ സംസ്ഥാന സമിതി അംഗവും തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പൂരം കലക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍.എസ്.എസ് ആണ്. പൂരം ആര് കലക്കിയെന്നറിയേണ്ടത് തൃശൂരുകാരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പൂരം കലക്കിയാല്‍ ജയിക്കാമെന്നത് ബിജെപിയുടെ ആശയമായിരുന്നുവെന്നും സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പൂരം കലക്കാന്‍ എഡിജിപിയെ ഉപയോഗിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു. ഒളിച്ചുവയ്ക്കാനുള്ളതിനാലാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തുന്നത്. അന്വേഷണങ്ങളില്‍ വിശ്വാസമില്ലെന്നും മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ ആര്‍എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതിനെ നിസാരവല്‍ക്കരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചെയ്തത്. എഡിജിപി എവിടെയെങ്കിലും പോയാല്‍ പാര്‍ട്ടിക്ക് എന്താണ് ഉത്തരവാദിത്തമെന്നും അതിനിപ്പോള്‍ എന്താണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, എല്‍ഡിഎഫിന്‍റെ ചെലവില്‍ ഒരുദ്യോഗസ്ഥനും ചര്‍ച്ച നടത്തേണ്ടെന്നും സംഭവത്തില്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തു.
തൃശൂരില്‍ വച്ച് ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയ വിവരം മുഖ്യമന്ത്രിയുടെ ഓഫിസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് എഡിജിപി സമ്മതിച്ചത്. സ്വകാര്യ സന്ദർശനമെന്നായിരുന്നു വിശദീകരണം. എഡിജിപി തൃശൂരിലെ ഹോട്ടലില്‍ എത്തിയത് ആര്‍.എസ്.എസ് പോഷകസംഘടനാ നേതാവിന്‍റെ കാറിലാണ്. ഇത് ഡിജിപിക്കും സര്‍ക്കാരിനും സ്പെഷല്‍ ബ്രാഞ്ച് അന്നേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയും പൊലീസ് മേധാവിയുടെ സംഘം അന്വേഷിക്കും. അതേസമയം ലോഗ്ബുക്കില്‍ രേഖ വരാതെയിരിക്കാന്‍ ഔദ്യോഗിക വാഹനം ഒഴിവാക്കിയെന്ന സംശയവും ബലപ്പെടുന്നു.
ആര്‍.എസ്.എസുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രിയാണ് ഇതിന് പിന്നിലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. തൃശൂര്‍പൂരം അജിത്കുമാറിനെ വച്ച് കലക്കിയതാണെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിരുന്നു. 2023 മേയ് 20 മുതല്‍ 22 വരെ തൃശൂരിെല പാറമേക്കാവില്‍ വച്ച് ആര്‍.എസ്.എസ് ക്യാംപ് നടന്നിരുന്നുവെന്ന് ഈ ക്യാംപില്‍ പങ്കെടുക്കാനെത്തിയ ദത്താത്രേയയെ എഡിജിപി സന്ദര്‍ശിച്ചുവെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ സതീശന്‍ ആരോപിച്ചത്.
തിരുവനന്തപുരത്തുള്ള ഒരു ആര്‍.എസ്.എസ് നേതാവാണ് കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായതെന്നും എന്ത് വിഷയം ചര്‍ച്ച ചെയ്യാനാണ് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ എഡിജിപി സന്ദര്‍ശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നുമായിരുന്നു സതീശന്‍ അന്ന് ചോദിച്ചത്.