മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഉപാധികളോടെ ജാമ്യം. 1500 രൂപ കെട്ടിവയ്ക്കണം, അന്‍പതിനായിരം രൂപ ബോണ്ട്, സെക്രട്ടേറിയറ്റ് പരിസരത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത് എന്നീ ഉപാധികളോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുവേണ്ടി അഭിഭാഷകന്‍ മൃദുല്‍ ജോണ്‍‌ മാത്യു ഹാജരായി. വ്യാഴാഴ്ചയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.

പൊലീസ് ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്ഡഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. പൊലീസ് വളഞ്ഞിട്ട് തല്ലിയെന്നാണ് അബിന്‍ വര്‍ക്കി പറഞ്ഞത്. ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിന്‍റെ കണ്ണിനും പരുക്കേറ്റിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ പലതവണ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ഏഴുതവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.

ENGLISH SUMMARY:

Youth Congress president Rahul Mankootil granted bail in Youth Congress Secretariat march , which demanded the resignation of the Chief Minister.