mv-govindan8

എ.ഡി.ജി.പി: എം.ആര്‍.അജിത്കുമാറിനെ മാറ്റാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ഏറുന്നതിനിടെ അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി. സിപിഐക്ക് മാത്രമല്ല, അതൃപ്തി തങ്ങള്‍ക്കുമുണ്ടെന്ന് എം.വി.ഗോവിന്ദന്‍ തുറന്നുപറഞ്ഞു. നടക്കുന്ന അന്വേഷണത്തില്‍ കൂടിക്കാഴ്ചയുമുണ്ടെന്ന്  എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍.  മൗനം തുടരുന്ന മുഖ്യമന്ത്രിക്ക് തിരിച്ചടിയായി ടി.പി.സെന്‍കുമാറിന്റെ ആര്‍.എസ്.എസ് ബന്ധത്തിനെതിരെ മുന്‍പ് നടത്തിയ പ്രസംഗം ചര്‍ച്ചയാവുകയാണ്. 

 

മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ ആര്‍.എസ്.എസ് ബന്ധത്തെ പരിഹസിച്ചും യു.ഡി.എഫിനെ കൊട്ടിയും പിണറായി വിജയന്‍ നിയമസഭയില്‍ കത്തിക്കയറിയിട്ട് അധികനാളായില്ല. ഇപ്പോള്‍‍ അദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ രണ്ട് ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാകുമ്പോള്‍ മൗനംകൊണ്ട് പ്രതിരോധം തീര്‍ക്കുകയാണ് അതേ മുഖ്യമന്ത്രി. ആരോപണങ്ങളില്‍ അന്വേഷണം കഴിയും വരെ അജിത്കുമാറിനെ മാറ്റണമെന്ന ഡി.ജി.പിയുടെ ആവശ്യംപോലും തള്ളിയുള്ള സംരക്ഷണം മുഖ്യമന്ത്രി തുടരുന്നു. 

എന്നാല്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിനെ സ്വകാര്യ കൂടിക്കാഴ്ചയെന്ന് ന്യായീകരിച്ച് സംരക്ഷിച്ചാല്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നാണ് സി.പി.എം വിലയിരുത്തല്‍. അതിനാല്‍ എ.ഡി.ജി.പിയുടെ സന്ദര്‍ശനം സി.പി.എമ്മിന്റെ വിഷയമല്ലെന്ന് പ്രതിരോധിക്കുന്ന പാര്‍ട്ടി സെക്രട്ടറി നടപടിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയിലേക്ക് ചാരി അതൃപ്തി പറയാതെ പറയുന്നു.

മുഖ്യമന്ത്രി പറയാത്ത അന്വേഷണം എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രഖ്യാപിച്ചു. അജിത്കുമാറിനെ മാറ്റണമെന്ന നിലപാടുള്ള സി.പി.ഐ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ ദുരൂഹത സംശയിക്കുന്നുണ്ട്.

അജിത്കുമാറിനെ മാറ്റാന്‍ ആലോചനയുണ്ടെങ്കിലും തുടര്‍ന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളും നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ കൈവിട്ടെന്ന ആരോപണവും ഭയന്നാണ് തീരുമാനം വൈകുന്നത്.