ആത്മകഥയെ കുറിച്ച് അറിയില്ലെന്ന ഇപി ജയരാജന്‍റെ നിലപാട് കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇല്ലാത്ത ആത്മകഥ ഡിസി ബുക്സ് തയ്യാറാക്കിയെന്നാണ് പറയുന്നത്. ആകാശത്ത് നിന്ന് പ്രസാധകര്‍ക്ക് ആത്മകഥ എഴുതാനാകുമോയെന്നും സതീശന്‍ ചോദ്യമുയര്‍ത്തി. ആത്മകഥയിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ സിപിഎമ്മിലെ മിത്രങ്ങളാണോ ശത്രുക്കളാണോ എന്നാണ് അറിയേണ്ടത്. സിപിഎമ്മില്‍ നടക്കുന്ന ചെളിവാരിയെറിയലാണെന്നും സതീശന്‍ ആരോപിച്ചു. ഇപിയുടെ ആത്മകഥ ഇറങ്ങുന്നത് തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും പ്രസാധകരെ വിളിച്ച ശേഷം ഈ മാസം 20 വരെ ബുക്ക് പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി. ജാവഡേക്കറെ കണ്ടില്ലെന്ന് ആദ്യം പറഞ്ഞ ഇപി പിന്നീട് തിരുത്തിയെന്നും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇപി കാര്യങ്ങള്‍ തുറന്ന് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുസ്തക വിവാദത്തില്‍ ഇപി പറയുന്നത് കളവാണെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെയും വാദം. ഇപിയുടെയും പാര്‍ട്ടിയുടെയും വിശദീകരണം യുക്തിസഹമല്ല. ഇപി പാര്‍ട്ടിയില്‍ തുടരുമെന്ന് സംശയമുണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും ബിജെപിയിലേക്ക് പോകാനാണ് സാധ്യതയെന്നും സുധാകരന്‍ പറഞ്ഞു.