വയനാട്ടിൽ ദുരിതബാധിതരായ 55 പേർക്കുള്ള ധനസഹായ വിതരണത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. ധനസഹായ വിതരണത്തിന് പഞ്ചായത്താണ് തടസ്സം നിൽക്കുന്നതെന്ന് ആരോപിച്ച് സിപിഎം മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ധനസഹായം നൽകേണ്ടത് സർക്കാരാണെന്നും സിപിഎം ഉപരോധം പ്രഹസനമെന്നും ആരോപിച്ചു യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ കലക്ടറുടെ മുമ്പിലെത്തി.

ഉച്ചയോടെയാണ് സി പി എം ഉപരോധം തുടങ്ങിയത്. ദുരന്ത ബാധിതരായ 55 പേർക്ക് ഇനിയും ധനസഹായം വിതരണം ചെയ്യാനുണ്ടെന്നും ഇത് വൈകിപ്പിക്കുന്നത് മേപ്പാടി പഞ്ചായത്തിലെ ഉദ്യോഗസ്ഥർ ആണെന്നുമായിരുന്നു പരാതി. തീരുമാനമാകുന്നത് വരെ ഉപരോധം അവസാനിപ്പിക്കില്ലെന്നും നേതൃത്വം.

ധനസഹായ വിതരണത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാന സർക്കാരാണ് എന്നും സി പി എമ്മിന്‍റെ പ്രതിഷേധം നാടകമാണെന്നുമായിരുന്നു മേപ്പാടി പഞ്ചായത്തoഗങ്ങളുടെ പക്ഷം. ദുരന്തം ബാധിച്ച 3 വാർഡുകളിലെ എല്ലാ കുടുംബങ്ങൾക്കും 10000 രൂപ ധനസഹായം അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാരുടെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്ത് അംഗങ്ങൾ കലക്ടറോട് ആവശ്യപ്പെട്ടു. നിലവിൽ അപേക്ഷകരായ എല്ലാവർക്കും ഈ മാസം 30 നകം ധനസഹായം വിതരണം ചെയ്യുമെന്ന കലക്ടറുടെ ഉറപ്പിലാണ് അംഗങ്ങൾ മടങ്ങിയത്.  

ENGLISH SUMMARY:

Political controversy alleging that 55 affected people in Wayanad did not get financial assistance