നിലപാടുകളും ലക്ഷ്യവും വ്യക്തമാക്കാന്‍ പി.വി അന്‍വര്‍ വിളിച്ച പൊതുസമ്മേളനം ഇന്നു വൈകിട്ട് നിലമ്പൂരില്‍ നടക്കും. പക്ഷേ ഇടതുബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായ അന്‍വര്‍ എംഎല്‍എയുടെ രാഷ്ട്രീയ ഭാവി എന്താകും എന്ന ചോദ്യമാണ്  സമ്മേളനം ഉയര്‍ത്തുന്നത്.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് മണ്ഡലമായി  കണക്കാക്കിയിരുന്ന നിലമ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ ആര്യാടന്‍റെ കോട്ട പിടിച്ചാണ് പി.വി. അന്‍വര്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും പ്രിയപ്പെട്ടവനായത്. ഇപ്പോള്‍ സിപിഎമ്മിനെ അന്‍വറും പി.വി.അന്‍വറിനെ സിപിഎമ്മും മൊഴി ചൊല്ലിയതോടെ അന്‍വര്‍ ശരിക്കും സ്വതന്ത്രനായി. 

ഒക്ടോബര്‍ നാലിന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ ഇടത്തോട്ടും വലത്തോട്ടും ചായാതെ അന്‍വറിനിരിക്കാം. ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ സ്വതന്ത്ര എംഎല്‍എയായി തുടരാനാകും. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ മുന്നണിയുടെ ഭാഗമല്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസ് അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 

അന്‍വര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ പല അഭിപ്രായമുണ്ട്. മുസ്ലീംലീഗിന്‍റെ നിലപാട് അനുകൂലമല്ല എന്നതാണ് മറ്റൊരു പ്രശ്നം. അന്‍വറിന്‍റെ സഹോദരന്‍ പി.വി. അജ്മല്‍ ഇപ്പോള്‍ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. എന്നാല്‍ എല്‍ഡിഎഫിന്‍റെ ഭാഗമായി നില്‍ക്കുന്ന എന്‍സിപി അന്‍വറിനെ ഒപ്പം കൂട്ടുന്നത് സിപിഎമ്മും മുഖ്യമന്ത്രിയും അംഗീകരിക്കില്ല. തല്‍ക്കാലക്കാലത്തേക്ക് സ്വതന്ത്രനായി തുടര്‍ന്ന്, തിരഞ്ഞെടുപ്പടുക്കുമ്പോള്‍ പതിയെ  യു.ഡി.എഫിനൊപ്പം നില്‍ക്കാനുള്ള സാധ്യതയും തളളിക്കളയാനാവില്ല.