ഇംഗ്ലിഷ് മാധ്യമത്തില്‍ മുഖ്യമന്ത്രി മലപ്പുറത്തെ കുറിച്ച് നടത്തിയ പരാമര്‍ശം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമെന്ന് മുസ്ലിം ലീഗ്. മലപ്പുറത്തുകാരെ രാജ്യദ്രോഹികളാക്കുന്നത് ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാനാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം മനോരമന്യൂസിനോട് പറഞ്ഞു. മലപ്പുറത്ത് നിന്നും 150 കിലോ സ്വര്‍ണം പിടികൂടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
മുഖ്യമന്ത്രിയുടെ പ്രസ്താവന സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. ആര്‍.എസ്.എസ് കൂട്ടുകെട്ട് പുറത്തായതിന്‍റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും എന്ത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരാമര്‍ശമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും സതീശന്‍ പറഞ്ഞു. അതേസമയം, വിവാദം രാഷ്ട്രീയ അജന്‍ഡയാണെന്നും ഇംഗ്ലിഷ് ദിനപത്രത്തിലെ ലേഖനത്തില്‍ ഒരു പ്രദേശത്തെയും മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ആ വാക്കുകള്‍ ഇങ്ങനെ
'തീവ്ര മുസ്ലിം ശക്തികള്‍ക്കെതിരായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാര്‍ മുസ്ലിംകള്ക്ക് എതിരാണെന്ന് അത്തരം ശക്തികള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഉദാഹരണം പറഞ്ഞാല്‍ 150 കിലോ സ്വര്‍ണവും 123 കോടി ഹവാല പണവും സംസ്ഥാന പൊലീസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഈ പണം സംസ്ഥാന വിരുദ്ധ– രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുന്നതാണ്. സര്‍ക്കാര്‍ അത്തരം നടപടികള്‍ക്കെതിരെ നിലകൊള്ളുമ്പോള്‍ അതിനെ വഴിതിരിച്ച് വിടാനാണ് ഇത്തരം ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത്' എന്നായിരുന്നു ഇംഗ്ലിഷ് ദിനപത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.
ആ വാക്കുകള്‍ മുഖ്യമന്ത്രിയുടേതല്ല; സി.എം.ഒ
സ്വര്‍ണക്കടത്ത് സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം നല്‍കി. മലപ്പുറം എന്ന പേര് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും, ദേശ വിരുദ്ധം, സംസ്ഥാന വിരുദ്ധം എന്നീ വാക്കുകള്‍ മുഖ്യമന്ത്രിയുടേതല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇക്കാര്യം പത്രം തിരുത്തണമെന്ന് വ്യക്തമാക്കി പത്രാധിപര്‍ക്ക് കത്തയച്ചുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ പറയുന്നു.