cm-pragency

മുഖം മിനുക്കാനും പ്രതിഛായ കൂട്ടാനും പി.ആര്‍ ഏജന്‍സികളെ വേണോ? എങ്കില്‍ ലക്ഷങ്ങള്‍ കൈവശം വേണം. മുഖ്യമന്ത്രിയുടെ അഭിമുഖങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പി.ആര്‍. ഏജന്‍സിക്ക് പണം നല്‍കുന്നത് ആരാണ്? അവരെ തിരഞ്ഞെടുത്തത് എങ്ങനെയാണ്? ഈ ചോദ്യങ്ങളാവും വരും ദിവസങ്ങളില്‍ ഉയരുക .

മുഖ്യമന്ത്രി മുന്‍പു പറഞ്ഞ വാക്കുകളൊക്കെ മറന്നു.  ഇപ്പോള്‍ ഇടതുപക്ഷ അനുഭാവമുള്ള ദേശീയ ദിനപത്രത്തില്‍ അഭിമുഖത്തിനായി പി.ആര്‍.ഏജന്‍സിയെ ഇടനിലക്കാരാക്കിയത് മുഖ്യമന്ത്രി തന്നെയാണ്. ഇത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിക്ക് മാധ്യമ ഉപദേഷ്ടാവും പ്രസ് സെക്രട്ടറിയുമുണ്ട്. അവര്‍ക്ക് കീഴില്‍ പ്രത്യേക ടീമുണ്ട്. കൂടാതെ സര്‍ക്കാരിന്‍റെ പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പെന്ന വന്‍സംവിധാനം മുഴുവന്‍ മുഖ്യമന്ത്രിക്ക് പിന്നിലുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ സാമൂഹികമാധ്യമ ഇടപെടലുകള്‍ക്കായി ഒരു ടീമും സെക്രട്ടേറിയറ്റില്‍പ്രവര്‍ത്തിക്കുന്നു. 

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ കവര്‍ചെയ്യാന്‍ പ്രത്യേക കാമറാടീം പോലുമുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്്ളോക്കില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് മാത്രമായി  മീഡിയാ റൂം തന്നെ ഒരുക്കിയിട്ടുമുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും മുഖ്യമന്ത്രിക്ക് ഒരു സ്വകാര്യപി.ആര്‍ ഏജന്‍സിയുടെ സേവനം തേടേണ്ടി വന്നു ദേശീയ തലത്തില്‍ അഭിമുഖം പ്രസിദ്ധീകരിക്കാന്‍. ഈ ഏജന്‍സിക്ക് സര്‍ക്കാരാണോ അതോ പാര്‍ട്ടിയാണോ പണം നല്‍കുന്നത്? ഇതിന് മറുപടി നല്‍കേണ്ടത് മുഖ്യമന്ത്രിയും ധനമന്ത്രിയുമാണ്. സ്വാഭാവികമായും ഉയരുന്ന ചോദ്യം മുഖ്യമന്ത്രി പി.ആര്‍ ഏജന്‍സിയെ ചുമതലകള്‍ ഏല്‍പ്പിക്കുന്നതില്‍ എന്താണ് തെറ്റ് എന്നതാവും. തെറ്റില്ല, പക്ഷെ ഖജനാവിലെ പണമാണ് ഉപയോഗിക്കുന്നതെങ്കില്‍  ഈ ഏജന്‍സിയെ തിരഞ്ഞെടുത്തതിന്‍റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കേണ്ടിവരും എന്നുമാത്രം. 

 

വിവാദങ്ങള്‍ക്കിടെ ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് വീണ്ടും തിരുവനന്തപുരത്ത് എത്തും. രാവിലെ 11ന് കൊട്ടാരക്കരയിലെ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉച്ചയോടെയാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തുന്നത്. പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി പറയുമോയെന്നതാണ് ഏവരും കാത്തിരിക്കുന്നത്. ആര്‍.എസ്.എസ് പ്രീണനം നടത്തുന്നത് മകളെ സംരക്ഷിക്കാനാണെന്ന ആരോപണത്തിലടക്കം വിശദമായി പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. നാളെ സി.പി.ഐയുടെ സംസ്ഥാന നിര്‍വാഹക സമിതിയോഗം ചേരും. അതിന് മുന്‍പ് എ.ഡി.ജി.പി M.R.അജിത്കുമാറിനെതിരെ നടപടി വേണമെന്ന് സി.പി.ഐ ആവശ്യത്തിലും തൃശൂര്‍ പൂരം കലക്കലിലെ തുടര്‍ അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ തീരുമാനം എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഭരണ–പ്രതിപക്ഷങ്ങള്‍.