• നിയമസഭയില്‍ നാടകീയരംഗങ്ങള്‍; ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍
  • പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി
  • പ്രതിപക്ഷത്തെ ചൊടിപ്പിച്ചത് വി.ഡി.സതീശന് നിലവാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്

പ്രതിപക്ഷനേതാവും സ്പീക്കറുമായുള്ള ഏറ്റുമുട്ടലില്‍ തുടങ്ങി സംഘര്‍ഷഭരിതമായി നിയമസഭ.  ഒടുവില്‍  മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള  വാക്പോരിന് പിന്നാലെ സഭ കനത്ത സംഘര്‍ഷത്തിന് വഴിമാറി. പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറിയതോടെ തടയാന്‍ വാച്ച് ആന്‍ഡ് വാര്‍ഡും അണിനിരന്നു . ഇതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തുംതള്ളുമായി.

ഡയസിലേക്ക് കടക്കാന്‍ ശ്രമിച്ച മാത്യു കുഴല്‍നാടന്‍ അടക്കമുള്ളവര്‍  ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തെ നേരിടാന്‍ സജ്ജമായി ഭരണപക്ഷവും അണിനിരന്നതോടെ നേരിട്ടുള്ള സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത്  അണിനിരന്ന ഭരണപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.  ഒടുവില്‍ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ഒഴിവാക്കിയതിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെയായിരുന്നു  ഇന്ന് സഭാനടപടികള്‍ തുടങ്ങിയത് . 49 ചോദ്യങ്ങളില്‍ നിന്ന് നക്ഷത്ര ചിഹ്നം ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു . ഇതില്‍  പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി.

ബഹളം തുടരുന്നതിനിടെ ആരാണ് പ്രതിപക്ഷ നേതാവ് എന്ന സ്പീക്കറുടെ ചോദ്യത്തില്‍ വി ഡി സതീശന്‍ ക്ഷുഭിതനായി . പിന്നാലെ ചോദ്യോത്തര വേള പ്രതിപക്ഷം ബഹിഷ്കരിച്ചു . നിലവാരമില്ലെന്ന് പ്രതിപക്ഷ നേതാവ് തെളിയിച്ചെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍  പരിഹസിച്ചു . സ്വയം  കണ്ണാടിയില്‍ നോക്കിയാല്‍ മതിയെന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി 

ENGLISH SUMMARY:

The Assembly became tense after the confrontation between the Leader of the Opposition and the Speaker