എഡിജിപി എം ആര്‍ അജിത്കുമാര്‍   ആര്‍ എസ് എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഔദ്യോഗിക വാഹനം ഉപേക്ഷിച്ചാണ് അജിത്കുമാര്‍ പോയത്. ഈ വിവരം ആദ്യം പുറത്തുവിട്ടത് താനാണ്. ബിജെപി ഇത് ആദ്യം നിഷേധിച്ചു. ദത്താത്രേയ ഹൊസബാളെ മൂന്ന് കൊല്ലമായി തൃശൂരിൽ വന്നില്ലെന്ന് ആർ.എസ്.എസ് പറഞ്ഞു. കെ.സുരേന്ദ്രനും നിഷേധിച്ചു.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ അസൈൻമെന്റുകളാണ് അജിത് കുമാർ നിർവഹിച്ചിരുന്നത്

ഇനി ഒരു വാദത്തിന് വേണ്ടി മുഖ്യമന്ത്രി അറിയാതെയാണ് പോയതെന്ന് പറയാം. പക്ഷേ സന്ദര്‍ശനത്തിന് ശേഷം സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കിട്ടി. അജിത്കുമാര്‍ ആർ.എസ്.എസ് നേതാവിനെ കണ്ടവിവരം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നിട്ട് പട്ടിൽ പൊതിഞ്ഞ ഒരു ശകാരം എങ്കിലും മുഖ്യമന്ത്രി നടത്തിയോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

പതിനാറുമാസത്തിനുശേഷം നടത്തുന്ന അന്വേഷണം പോലും പ്രഹസനമാണ്. സ്വപ്ന സുരേഷിന്റെ കൂട്ടുകാരനെ തട്ടി കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് മേധാവി സ്ഥാനം നഷ്ടമായ ആളാണ്. എഡിജിപിയുടെ ഇപ്പോഴത്തെ മാറ്റത്തിൽ സി.പി.ഐ ആശ്വസിക്കേണ്ട. പട്ടിൽ പൊതിഞ്ഞാണ് എല്ലാം. സ്വർണ്ണക്കടത്തിൽ പ്രതിയായ സരിത്തിന്‍റെ ഫോൺ അജിത്കുമാര്‍ തട്ടിയെടുത്തത് മുഖ്യമന്ത്രിയെ സഹായിക്കാനല്ലേ?

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ അസൈൻമെന്റുകളാണ് അജിത് കുമാർ നിർവഹിച്ചിരുന്നത്. പൊലീസ് ഗുരുതരമായതൊന്നും അന്വേഷിക്കുന്നില്ല. പുരം കലക്കല്‍ അന്വേഷിക്കുന്നില്ലെന്ന് പൊലീസ് ആസ്ഥാനത്തു നിന്ന് അറിയിച്ച ഡിവൈഎസ്പിയെ മാറ്റി. അന്വേഷണമില്ലെന്ന് വിവരാവകാശ പ്രകാരം മനോരമ ന്യൂസിന്  പൊലീസ് ആസ്ഥാത്തു നിന്ന് നല്‍കിയ മറുപടി പരാമര്‍ശിച്ചാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം പറഞ്ഞത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കുഴൽപണ കേസിൽ സഹായിച്ചതും ഇതേ സര്‍ക്കാരാണ്. കാസര്‍കോഡ് തിരഞ്ഞെടുപ്പ് കോഴക്കേസിലും സഹായിച്ചു. പ്രോസിക്യൂഷൻ ഒന്നും ചെയ്തില്ല. ഒരു വർഷത്തിനകം നൽകേണ്ട കുറ്റപത്രം 17 മാസം കഴിഞ്ഞ് കൊടുത്തു. സമയം നീട്ടാനുള്ള അപേക്ഷ പോലും പൊലിസ് നൽകിയില്ല. ഒടുവില്‍ സുരേന്ദ്രനെ വെറുതേവിട്ടു. ഇ ചന്ദ്രശേഖരനെ ബി.ജെ.പിക്കാർ ആക്രമിച്ച കേസിൽ സി.പി.എം സാക്ഷികൾ കൂറുമാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ആര്‍എസ്എസ് നേതാക്കളെ വണങ്ങിയയാളാണ് സതീശനെന്ന കെ.ടി ജലീലിന്‍റെ ആക്ഷേപത്തിനുമുണ്ടായിരുന്നു മറുപടി. ഗോൾവൾക്കറുടെ വിചാരധാര കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപെടുത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് കെ.ടി.ജലീൽ .

മസ്ക്കറ്റ് ഹോട്ടലിൽ ശ്രീ എമ്മിന്റ് മധ്യസ്ഥതയിൽ ആർ.എസ്.എസ് നേതാക്കളുമായി ചര്‍ച്ചയില്‍ പങ്കെടുത്തയാളാണ് മുഖ്യമന്ത്രി. സി.പി.ഐ നേതാവ് ആനി രാജയാണ് പൊലീസിലെ ആർ.എസ്.എസ് ഗാങ്ങിനെ കുറിച്ച് പറഞ്ഞത്

ദ് ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത് തന്നെയാണ്. ആദ്യം ഡൽഹിയിലെ പത്രങ്ങൾക്ക് പ്രസ് റിലീസ് നൽകി. അതിനു ശേഷം വാർത്താ സമ്മേളനത്തിൽ അവർത്തിച്ചു. ദ് ഹിന്ദുവിന്റെ അഭിമുഖം വന്ന ദിവസം നിഷേധിച്ചില്ല. പിറ്റേന്ന് വിവാദമായപ്പോൾ പ്രസ് സെക്രട്ടറി കത്തെഴുതി. പി.ആര്‍ ഏജൻസിയുടെ തലവൻ ആണ് മുഖ്യമന്ത്രിക്ക് ഒപ്പം അഭിമുഖസമയത്ത് ഉണ്ടായിരുന്നത്. ഒരു മത വിഭാഗത്തിനും ജില്ലക്കും സംസ്ഥാനത്തിനും എതിരായുള്ള സംഘപരിവാർ അജണ്ടയാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇനി മുഖ്യമന്ത്രി അറിയാതെയാണ് പി.ആർ ഏജൻസി മലപ്പുറം വാചകം എഴുതി കൊടുത്തത് എങ്കിൽ അവർക്കെതിരെ കേസ് എടുക്കാൻ വെല്ലുവിളിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.

താന്‍ ഗോൾവൾക്കറുടെ  മുന്നിൽ വണങ്ങുന്ന ചിത്രം ആർഎസ്എസ് പ്രചരിപ്പിക്കുന്നതാണ്. ഇഎംഎസ് കെ. ജി മാരാർക്ക് ബാഡ്ജ് കുത്തി കൊടുക്കുന്ന ചിത്രം ഉണ്ട്.  കെ.ജി. മാരാർ ഇ.എം.എസ്സിന് ബാഡ്ജ് കുത്തി കൊടുക്കുന്ന ചിത്രം ഉണ്ട്. ശിവദാസ മേനോനുവേണ്ടി അദ്വാനി പ്രസംഗിക്കുന്ന ചിത്രവും ഉണ്ട്. അത് കാണണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പി.വി അൻവറിനെ കൊണ്ട് തനിക്ക് എതിരെ മൂന്നാംകിട ആരോപണം ഉന്നയിപ്പിച്ചത് മുഖ്യമന്ത്രിയാണ്. അതേ അൻവർ മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താനാണ്. അത് കാലത്തിന്‍റെ കാവ്യനീതിയാണെന്നും സതീശന്‍  അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് പറഞ്ഞു.

ENGLISH SUMMARY:

VD Satheesan against CM on ADGP RSS meeting