മാസപ്പടിക്കേസിലെ മൊഴിയെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഗൗരവമുള്ള ഒന്നും ചെയ്തിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍. പ്രളയം പോലെ തെളിവുണ്ടായിട്ടും കേന്ദ്രം അനങ്ങിയില്ല. കേജ്‌രിവാളിനെതിരെ ഇതിന്‍റെ മൂന്നിലൊന്ന് മാത്രം തെളിവുണ്ടായിട്ടും നടപടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
‘എസ്എഫ്ഐഒ വീണയുടെ മൊഴി എടുത്തതിൽ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്നില്ല. കേന്ദ്ര സർക്കാരിന്റെ നടപടിയും നീക്കങ്ങളും വീണയെ സഹായിക്കാനാണ്. കേന്ദ്രസർക്കാർ സത്യസന്ധമാണെങ്കിൽ ഇഡി അന്വേഷണം ഏർപ്പെടുത്തിയേനെ. ഹൈക്കോടതി എന്ത് നടപടിഎടുത്തുവെന്ന് കേന്ദ്ര സർക്കാരിനോട് ചോദിച്ചപ്പോൾ എസ്എഫ്ഐഒ അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്ന് പറഞ്ഞു. ഹൈക്കോടതി വിധി പറഞ്ഞിരുന്നാൽ മുഖ്യമന്ത്രിക്ക് തിരിച്ചടിയാകുമായിരുന്നു. കേന്ദ്രം എസ്എഫ്ഐഒ അന്വേഷണം നടത്തുമെന്നു പറഞ്ഞത് കൊണ്ട് കേസിന്റെ തീവ്രത ഇല്ലാതായി. പ്രളയം പോലെ ഇത്രയേറേ തെളിവുള്ള കേസിൽ കേന്ദ്രസർക്കാർ ഇതുവരെ ഗൗരവമുള്ള ഒരു നടപടിയും എടുത്തിട്ടില്ല. എസ്എഫ്ഐഒ റിപ്പോർട്ട് വീണയ്ക്ക് അനൂകൂലമായാലും പ്രതികൂലമായലും കോടതിയിൽ ചോദ്യം ചെയ്യപ്പെടും’, മാത്യു കുഴൽനാടൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളും എക്സലോജിക് ഉടമയുമായ വീണാ വിജയന്‍റെ മൊഴി കഴിഞ്ഞ ബുധനാഴ്ച എസ്.എഫ്.ഐ.ഒ രേഖപ്പെടുത്തിയിരുന്നു. ചെന്നൈയിലെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു മൊഴിയെടുക്കല്‍. എസ്.എഫ്.ഐ.ഒ കേസ് ഏറ്റെടുത്ത് 10 മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അതീവരഹസ്യമായാണ് എസ്.എഫ്.ഐ.ഒ മൊഴിയെടുക്കല്‍ നടത്തിയത്. കെഎസ് ഐഡിസിക്ക് ഓഹരി പങ്കാളിത്തമുള്ള സിഎംആർഎൽ കമ്പനി, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടിൽ കെഎസ്ഐഡിസി ജനറൽ മാനേജരുടെ മൊഴി കഴിഞ്ഞ ദിവസം എസ്.എഫ്.ഐ.ഒ എടുത്തിരുന്നു. കെഎസ്ഐഡിസിയുടെ ചീഫ് ഫിനാൻസ് ഓഫിസർ കൂടിയായ കെ.അരവിന്ദാക്ഷന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കെഎസ്ഐഡിസിയുടെ ഏതാനും സാമ്പത്തികവർഷങ്ങളിലെ റിപ്പോർട്ടുകൾ അടക്കമുള്ള രേഖകളും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഹാജരാക്കിയതായാണ് വിവരം.