യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ പരസ്യമായി അപമാനിച്ചതില്‍ മനംനൊന്ത് കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയതില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ദിവ്യ രാജിവയ്ക്കണമെന്നും, ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പ്രതിപക്ഷത്തിനന്റെ ആവശ്യം. കൊലപാതകത്തിനു തുല്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. ദിവ്യക്കെതിരെ നടപടി വേണമെന്നാണ് നവീന്റെ വീട്ടുകാരുടെയും ആവശ്യം. ഇതാദ്യമായി അല്ല കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസിന് ഇടവരുന്നത്
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദമുയർത്തിയതായിരുന്നു 2016ലെ കുട്ടിമാക്കൂലിൽ ദലിത് പെൺകുട്ടി ആത്മഹത്യ ശ്രമം. സംഭവത്തിൽ അന്നത്തെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും ഇന്നത്തെ സ്പീക്കറുമായ എ.എൻ.ഷംസീറിനെതിരെയും പി.പി.ദിവ്യക്കുമെതിരെ കേസ് എടുത്തിരുന്നു. ദിവ്യ അന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.
കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന കുട്ടിമാക്കൂലിലെ എൻ.രാജന്റെ മകൾ അഞ്ജന ഡിവൈഎഫ്ഐ നേതാക്കൾ ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ പരാമർശങ്ങളിൽ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ചുവെന്നാണ് കേസ്. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോടതിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.
പിതാവ് രാജനെ മർദിച്ചതിനെക്കുറിച്ച് ചോദിക്കാൻ കുട്ടിമാക്കൂലിലെ സിപിഎം ഓഫിസിലെത്തിയ അഞ്ജനെയെയും സഹോദരിയെയും പാർട്ടി ഓഫിസിൽ കയറി പ്രവർത്തകരെ മർദിച്ചുവെന്ന കുറ്റം ചുമത്തി കൈക്കുഞ്ഞിനൊപ്പം ജയിലിൽ അടച്ചത് വിവാദമായിരുന്നു. ജയിൽമോചിതരായ അന്നു രാത്രിയാണ് ചാനൽ ചർച്ചയില്‍ തങ്ങളുടെ കുടുംബത്തെ അപമാനിച്ച് ഷംസീറും ദിവ്യയും നടത്തിയ പരാമർശങ്ങളിൽ മനംനൊന്ത് ഗുളിക കഴിച്ച് അഞ്ജന അവശനിലയിലായത്.
തുടർന്ന് എ.എൻ.ഷംസീറിനെയും പി.പി.ദിവ്യയെയും പ്രതിയാക്കി പൊലീസ് കേസെടുത്തു. ആത്മഹത്യാശ്രമത്തിന് യുവതിക്കെതിരെയും കേസെടുത്തു. പിന്നീട് ഷംസീറിനെ കേസിൽ നിന്ന് ഒഴിവാക്കി നേരത്തേ കേസ് അന്വേഷിച്ച ഡിവൈഎസ്പി സാജുപോൾ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടറെ കണ്ട് കാര്യങ്ങൾ അന്വേഷിച്ചെന്നും യുവതി കഴിച്ച ഗുളിക മരണത്തിനിടയാക്കില്ലെന്നു വ്യക്തമായതിലാണു കേസ് എഴുതിത്തള്ളുന്നതെന്നും പൊലീസ് പറഞ്ഞു.
കൈക്കുഞ്ഞുമായി അഖിലയെ ജയിലിലടച്ചത് അന്ന് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവം കോൺഗ്രസ് ദേശീയ തലത്തിൽ വരെ ഉയർത്തിക്കൊണ്ടുവന്നിരുന്നു. 8 വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലാ പഞ്ചായത്തിന്റെ ഉപാദ്ധ്യക്ഷ പദവിയില്‍ നിന്നും അദ്ധ്യക്ഷയുടെ കസേരയിലേക്ക് ദിവ്യ എത്തി. പദവിയില്‍ ഇനിയും ഒരു വര്‍ഷം കൂടി കാലവധി ഉള്ളപ്പോഴാണ് പുതിയ വിവാദം.