പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും സ്ഥാനാർഥികളാക്കാൻ കെപിസിസി ശുപാർശ ചെയ്യും. രണ്ട് മണ്ഡലങ്ങളിലേക്കും ഒറ്റ പേരുള്ള പട്ടിക ഹൈക്കമാൻഡിന് നൽകാൻ സംസ്ഥാന നേതൃത്വത്തിൽ ധാരണയായി.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കര പുതുപ്പള്ളി വിജയഫോർമുല പിന്തുടരുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. ഒന്നിലധികം പേരുകൾ നൽകി ഹൈക്കമാൻഡിന് തലവേദനയും സ്ഥാനാർഥി മോഹികൾക്ക് ഇല്ലാത്ത പ്രതീക്ഷയും നൽകേണ്ടെന്ന് വിലയിരുത്തലാണ് സ്ഥാനാർഥിനിർണയം ഒറ്റ പേരിലേക്ക് എത്തിച്ചത്. പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും സ്ഥാനാർഥികളാക്കാൻ നേതൃത്വത്തിനിടയിൽ നേരത്തെ ധാരണയാണെങ്കിലും ചില കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നു. പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രധാന നേതാക്കളുമായി ഇന്നലെ നേരിട്ട് ചർച്ച നടത്തിയ കെ. സുധാകരനും വി.ഡി സതീശനും എല്ലാം പറഞ്ഞുതീർത്തു. പിന്നാലെ തിരഞ്ഞെടുപ്പ് സമിതി ചേർന്ന് പതിവ് കീഴ് വഴക്കം പുറത്തെടുത്തു. തീരുമാനമെടുക്കാൻ സുധാകരനെയും സതീശനെയും ചുമതലപ്പെടുത്തി തിരഞ്ഞെടുപ്പ് സമിതി കൈയ്യടിച്ചു പിരിഞ്ഞു. ഇന്ന് മുതിർന്ന നേതാക്കളുമായി ഒരിക്കൽകൂടി ആശയവിനിമയം നടത്തി രണ്ടു മണ്ഡലങ്ങളിലേക്കും ഒറ്റ പേരുള്ള പട്ടിക ഹൈക്കമാൻഡിന് നൽകും. ഷാഫി പറമ്പിലിന്റെ പൂർണ്ണപിന്തുണയാണ് പാലക്കാട്ടേക്കുള്ള രാഹുലിന്റെ പ്രവേശനം സുഗമമാക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ പരാജയപ്പെട്ടെങ്കിലും കെ രാധാകൃഷ്ണനുമായുള്ള വോട്ട് വ്യത്യാസം ചേലക്കര മണ്ഡലത്തിൽ 5000 വോട്ടിലേക്ക് ചുരുക്കിയതാണ് രമ്യയ്ക്ക് തുണയായത്.