congress-cpm-bjp-2

പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. ചേലക്കരയില്‍ രമ്യ ഹരിദാസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. മാധ്യമങ്ങള്‍ പറഞ്ഞവര്‍ തന്നെ സ്ഥാനാര്‍ഥികളെന്ന് കെ.മുരളീധരന്‍ പറഞ്ഞു.  രണ്ട് മണ്ഡലങ്ങളിലേക്കും  ഒറ്റ പേരുള്ള പട്ടിക ഹൈക്കമാൻഡിന് നൽകാൻ സംസ്ഥാന നേതൃത്വത്തിൽ ധാരണയായിരുന്നു. അതേസമയം, പാലക്കാട്ടേക്ക് പോകാന്‍ ഒരറിയിപ്പും തനിക്ക് കിട്ടിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കേരളത്തിലെ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പില്‍  ചേലക്കരയിലെ തിരഞ്ഞെടുപ്പാകും ഇത്തവണത്തെ ട്രെന്‍ഡ് സെറ്ററെന്നും രാഹുല്‍ പറഞ്ഞു. ഭരണത്തോടുള്ള നിരാശ ഇവിടെ പ്രതിഫലിക്കുക. പാലക്കാട്ടെ കാര്യങ്ങള്‍  ഇക്കുറി കുറച്ചുകൂടി കംഫര്‍ട്ടബിള്‍ ആണെന്നും രാഹുല്‍ പറഞ്ഞു. Also Read: കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിൽ ഒറ്റഘട്ടം, ജാർഖണ്ഡിൽ രണ്ടുഘട്ടം; വോട്ടെണ്ണല്‍ 23ന്

പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍  എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ മറ്റന്നാള്‍ പ്രഖ്യാപിച്ചേക്കും. സി.പി.ഐയുടെ തീരുമാനം കൂടി വരാന്‍ കാത്ത് സി.പി.എം.   വയനാട്ടിലേക്ക് ഇടതുസ്ഥാനാര്‍ഥിയായി ഇ.എസ്.ബിജിമോള്‍‌ പരിഗണനയില്‍. പാലക്കാട് കെ.ബിനുമോള്‍ക്കാണ്  സാധ്യത, ചേലക്കരയില്‍ യു.ആര്‍.പ്രദീപ് സ്ഥാനാര്‍ഥിയാകുമെന്നാണ് പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമെന്ന് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.   

 

പാലക്കാട്,  ചേലക്കര ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കര, പുതുപ്പള്ളി വിജയഫോർമുല പിന്തുടരുകയാണ്  കോൺഗ്രസ് നേതൃത്വം. ഒന്നിലധികം പേരുകൾ നൽകി ഹൈക്കമാൻഡിന് തലവേദനയും സ്ഥാനാർഥി മോഹികൾക്ക് ഇല്ലാത്ത പ്രതീക്ഷയും നൽകേണ്ടെന്ന് വിലയിരുത്തലാണ് സ്ഥാനാർഥിനിർണയം ഒറ്റ പേരിലേക്ക് എത്തിച്ചത്. പാലക്കാട്ട്  രാഹുൽ മാങ്കുട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും സ്ഥാനാർഥികളാക്കാൻ നേതൃത്വത്തിനിടയിൽ നേരത്തെ ധാരണയാണെങ്കിലും ചില കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നു. 

പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രധാന നേതാക്കളുമായി ഇന്നലെ നേരിട്ട് ചർച്ച നടത്തിയ കെ. സുധാകരനും വി.ഡി സതീശനും എല്ലാം പറഞ്ഞുതീർത്തു. പിന്നാലെ തിരഞ്ഞെടുപ്പ് സമിതി ചേർന്ന് പതിവ് കീഴ് വഴക്കം പുറത്തെടുത്തു. തീരുമാനമെടുക്കാൻ സുധാകരനെയും സതീശനെയും ചുമതലപ്പെടുത്തി തിരഞ്ഞെടുപ്പ് സമിതി കൈയ്യടിച്ചു പിരിഞ്ഞു. ഇന്ന് മുതിർന്ന നേതാക്കളുമായി ഒരിക്കൽകൂടി ആശയവിനിമയം നടത്തി രണ്ടു മണ്ഡലങ്ങളിലേക്കും ഒറ്റ പേരുള്ള പട്ടിക ഹൈക്കമാൻഡിന് നൽകും. ഷാഫി പറമ്പിലിന്റെ പൂർണ്ണപിന്തുണയാണ് പാലക്കാട്ടേക്കുള്ള രാഹുലിന്റെ പ്രവേശനം സുഗമമാക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ പരാജയപ്പെട്ടെങ്കിലും കെ രാധാകൃഷ്ണനുമായുള്ള വോട്ട് വ്യത്യാസം ചേലക്കര മണ്ഡലത്തിൽ 5000 വോട്ടിലേക്ക് ചുരുക്കിയതാണ് രമ്യയ്ക്ക് തുണയായത്. 

ചേലക്കര നഷ്ടമാകാനും പാടില്ല പാലക്കാട് തിരികെ പിടിക്കുകയും വേണം എന്ന കഠിന ദൗത്യമാണ് സിപിഎമ്മിന് മുന്നിലുള്ളത്. ജനകീയഎം.എല്‍.എയായ  കെ രാധാകൃഷ്ണന് പകരം യു ആര്‍ പ്രദീപിന്‍റെ പേരാണ് പാര്‍ട്ടി ധാരണയാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ബിനുമോള്‍ക്ക് മുന്‍ഗണയെങ്കിലും ചില ഡിവൈഎഫ് ഐ നേതാക്കളുടെ പേരും സജീവ പരിഗണിയിലുണ്ട്.  തിരഞ്ഞെടുപ്പ് വി‍ജ്ഞാപനം വന്ന് അടുത്ത ദിവസം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനാണ് സിപിഎം ആലോചിച്ചിരുന്നത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ആരെന്ന് അറിഞ്ഞിട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. 

പാലക്കാട് കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കിയാല്‍ സംസ്ഥാന തലത്തില്‍ തലപ്പൊക്കമുള്ള ഒരു നേതാവ് വേണം മല്‍സരിക്കാനെന്ന ചിന്ത സിപിഎമ്മില്‍ സജീവമാണ്. രാഹുല്‍ പാലക്കാട് സ്വദേശിയല്ലാത്തതിനാല്‍ പാലക്കാടിന് പുറത്ത് നിന്ന് മറ്റൊരാളെയിറക്കാന്‍ സിപിഎമ്മിന് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. ചേലക്കരയില്‍ യു.ആര്‍ പ്രദീപിന്‍റെ പേരില്‍ തര്‍ക്കമില്ലെങ്കിലും രമ്യ ഹരിദാസാണ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പിക്കാന്‍ കാത്തിരിക്കുകയാണ് സിപിഎം. 

ബിജെപി വലിയ പ്രതീക്ഷയാണ് പാലക്കാട്  വച്ചുപുലര്‍ത്തുന്നത് .  പാലക്കാട്ടും ചേലക്കരയിലും സ്ഥാനാര്‍ഥികള്‍ ആരാകണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

Google News Logo Follow Us on Google News