vd-satheesan16

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യയുടെ വരവും പ്രസംഗവും എല്ലാം ആസൂത്രിതമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ദിവ്യയെ തള്ളിപ്പറയാനെങ്കിലും സി.പി.എം. തയാറാകേണ്ടതല്ലേ?. ആത്മഹത്യാപ്രേരണകുറ്റം ചുമത്തണമെന്നും അധ്യക്ഷപദവി രാജിവയ്ക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. 

Read Also: എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം; പ്രശാന്തനോട് വിശദീകരണം തേടി പരിയാരം മെഡി.കോളജ് പ്രിന്‍സിപ്പല്‍

പി.പി.ദിവ്യയെ കൊലപാതകി എന്ന് പറയേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചു. ദിവ്യക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകും. 

പരാതിക്കാരന്‍ പറയുന്നത് കെട്ടുകഥയെന്നും അയാളെക്കൊണ്ട് പറയിച്ചതാണെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളോടു പറഞ്ഞു. 

എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുകയാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയുടെ വീട്ടിലേക്ക് ബിജെപിയും യൂത്ത് കോണ്‍ഗ്രസും നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.  പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടത്തി. ഇതോടെ പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. വനിതാ പ്രവര്‍ത്തകരെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. വനിതാ പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വീണ്ടും സംഘര്‍ഷത്തിന് ഇടയാക്കി. പ്രതിഷേധങ്ങൾ മുന്നിൽകണ്ട് ദിവ്യയുടെ വീടിനു പരിസരത്ത് സുരക്ഷാ കവചം ഒരുക്കി സിപിഎം പ്രവർത്തകർ സംഘടിച്ചെങ്കിലും പിന്നീട് പിരിഞ്ഞുപോയി

 

തള്ളിപ്പറഞ്ഞ് പത്തനംതിട്ട സി.പി.എം

പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞ്പത്തനംതിട്ട സി.പി.എം. ദിവ്യയുടേത് അപക്വമായ നടപടിയെന്ന് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. ക്ഷണിക്കപ്പെടാത്ത വേദിയില്‍ പി.പി. ദിവ്യ പോകേണ്ടിയിരുന്നില്ലെന്ന് പി.കെ. ശ്രീമതിയും പ്രതികരിച്ചു. 

എഡിഎമ്മിനെതിരായ പി.പി.ദിവ്യയുടെ പരസ്യ ആക്ഷേപത്തെ തള്ളാതെയും കൊള്ളാതെയും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിലപാടെടുത്തെങ്കിലും അതല്ല പത്തനംതിട്ട ജില്ലാ കമ്മിറ്റി നിലപാട്. വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന്  പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ദിവ്യയുടെ നടപടിയെ ജില്ലാ സെക്രട്ടറി ഉദയഭാനു പരസ്യമായി വിമര്‍ശിച്ചത്

പിന്നാലെ സംസ്ഥാന നേതാക്കളും ദിവ്യയെ തള്ളി രംഗത്തെത്തി. എഡിഎമ്മിന്‍റെ മരണ വിഷയം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പ്രതികരിച്ചു. പൊതുപ്രവര്‍ത്തകര്‍ ഇതില്‍ നിന്ന് പാഠം പഠിക്കണമെന്നാണ് ഷംസീര്‍ പറഞ്ഞത്

എന്നാല്‍ എഡിഎമ്മിന്‍റെ ആത്മഹത്യയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന്  മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി. പൊതുപ്രവര്‍ത്തക ഇത്തരത്തില്‍ പെരുമാറാന്‍ പാടുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം അവിടുത്തെ ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതികരണം. പത്തനംതിട്ടവരെ മൃതദേത്തെ അനുഗമിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും വിഷയത്തില്‍ ഇന്ന് പ്രതികരിച്ചില്ല

Google News Logo Follow Us on Google News