പി.വി.അന്‍വര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അന്‍വര്‍ ഇങ്ങോട്ട് സമീപിച്ചപ്പോള്‍ സംസാരിച്ചത് മാത്രമാണ്. സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍ മതിയെന്നും സതീശന്‍. രമ്യയെ പിന്‍വലിക്കണം എന്ന തരത്തില്‍ ഒരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പിന്തുണ കാര്യത്തില്‍ പി.വി.അന്‍വറിന്റെ ഉപാധി തള്ളിയും പരിഹസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍. ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും പാലക്കാട്ടും ചേലക്കരയിലും അന്‍വറിന് സ്വാധീനമില്ലെന്നും കെ.മുരളീധരന്‍ തുറന്നടിച്ചു. അന്‍വറിന്റെ വാദം ബാലിശമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു. അതേസമയം പി.വി.അന്‍വറുമായുള്ള ആശയവിനിമയം കോണ്‍ഗ്രസ് നേതൃത്വം തുടരുകയാണ്.
പിവി അന്‍വറിന് പാലക്കാടും ചേലക്കരയിലും സ്വാധീനമില്ലെന്നാണ് കെ. മുരളീധരന്‍റെ നിലപാട്. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ ഡിഎംകെ പിന്തുണ വേണ്ട. അതേസമയം സ്വാധീനമുള്ള വയനാട്ടിലെ പിന്തുണ കെ. മുരളീധരന്‍ സ്വാഗതം ചെയ്യുകയും ചെയ്തു. അന്‍വറിനെതിരെ കുറച്ചുകൂടി കടുപ്പിച്ചു രാജ്മോഹന്‍ ഉണ്ണിത്താന്‍. അന്‍വറിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല. അന്‍വര്‍ പിണറായി വിജയന്‍റെ നാവായി പ്രവര്‍ത്തിച്ചയാളാണെന്നും രാജ്്മോഹന്‍ ഉണ്ണിത്താന്‍.
അതേസമയം അന്‍വറുമായുള്ള ആശയവിനിമയം കോണ്‍ഗ്രസ് നേതൃത്വം തുടരുകയാണ്. പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ഡിഎംകെയുടെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന അന്‍വറിന്‍റെ വാദം കോണ്‍ഗ്രസ് നേതൃത്വം തുടക്കത്തിലേ തള്ളിയിരുന്നു. ഭാവിയില്‍ യുഡിഎഫുമായി സഹകരിക്കണമെങ്കില്‍ പാലക്കാട്ടെ പിന്തുണ പ്രധാനമാണെന്നും യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.