sarin-udf-election

സിപിഎം നേതൃത്വം കാര്യങ്ങള്‍ പറയുന്നതില്‍ നിന്നും തന്നെ വിലക്കിയിട്ടില്ലെന്ന് പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. സ്വതന്ത്രമായി ഇഷ്ടമുള്ള രീതിയില്‍ വോട്ട് തേടാനാണ് പാര്‍ട്ടി നിര്‍ദേശം. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ട്രോളിയതില്‍ ക്ഷമ പറഞ്ഞ് പോസ്റ്റിട്ടത്. ചെയ്തത് തെറ്റെന്ന് തോന്നിയാല്‍ തിരുത്താന്‍ യാതൊരു മ‌ടിയുമില്ലെന്നും സരിന്‍ മനോരമ ന്യൂസിനോട്.

 

Read Also: പിണറായിയെ ട്രോളിയതില്‍ കുറ്റസമ്മതവുമായി സരിൻ

കോൺഗ്രസിലായിരിക്കെ പിണറായിയെ ട്രോളിയതിലും രൂക്ഷമായി വിമർശിച്ചതിലും നേരത്തെ സരിന്‍ കുറ്റസമ്മതം നടത്തി‌യിരുന്നു. എല്ലാം ഒഴിവാക്കേണ്ടതായിരുന്നുവെന്ന തിരിച്ചറിവ് ഇപ്പോൾ ഉണ്ട്. പല വിമര്‍ശനങ്ങളും എന്‍റെ വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ല. നിയോഗിക്കപ്പെട്ട ചുമതലയുടെ ഭാഗമായിട്ടായിരുന്നു പണ്ടത്തെ പോസ്റ്റുകളെന്നും സരിന്‍.കുറച്ചു ദിവസങ്ങൾക്ക് മുന്നേ വരെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ ഞാൻ നിങ്ങളുടെ രാഷ്ട്രീയ ശത്രു പക്ഷത്ത് നിന്ന് പ്രവർത്തിച്ചൊരാൾ ആണ്. 

സാധ്യമായ എല്ലാ മാനുഷിക സാമ്പത്തിക വിഭവങ്ങളെയും കൂട്ട് പിടിച്ചു സംഘടിതമായി ഞങ്ങൾ രാഷ്ട്രീയ പ്രചാരണം തീർക്കുമ്പോൾ, ഇതൊന്നുമില്ലാതെ ഒരാശയത്തിന്റെ പേരിൽ സ്വയം സംഘടിച്ചു ശക്തമായ പ്രതിരോധം തീർത്ത നിങ്ങളോട് അന്നും ബഹുമാനം ഏറെയായിരുന്നു.

രാഷ്ട്രീയ നേതാക്കൾ പ്രതിയോഗികളാൽ അക്രമങ്ങൾ നേരിടുമ്പോൾ കോൺഗ്രസ് പാർട്ടിയിൽ അതിനെ പ്രതിരോധിക്കാൻ ഇറങ്ങുക ആ നേതാവിനോട് താല്പര്യമുള്ള ആളുകളും ഗ്രൂപ്പുകളും മാത്രമാണ്. പക്ഷെ,ഇടതുപക്ഷത്തെ ഏതെങ്കിലും ഒരു നേതാവിനെ,വിശിഷ്യാ സഖാവ് പിണറായി വിജയനെ ആക്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ സഖാക്കൾ ഒരൊറ്റ മനസ്സായി നിന്ന്‌ പ്രതിരോധത്തിന്റെ കോട്ട തീർക്കുന്നത് കണ്ടു കണ്ണു മിഴിച്ചു നിന്നിട്ടുണ്ട്. സഖാക്കളിൽ നിന്ന് അനുഭവിക്കുന്ന സ്നേഹവായ്പ്പാണ് തിരിച്ചറിവിന് കാരണമെന്നും ഫെയ്സ് ബുക്ക് പോസ്റ്റ്.

Google News Logo Follow Us on Google News

ENGLISH SUMMARY:

CPM is not prohibited from speaking; says sarin