തൃശൂർ പൂരം കലക്കൽ വിവാദം പോലെ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാണ് അന്തിമഹാകാളൻ കാവിലെ വെടിക്കെട്ട് വിവാദവും. ചരിത്ര പ്രസിദ്ധമായ വേലയുടെ ഭാഗമായ വെടിക്കെട്ട് കഴിഞ്ഞതവണ മുടങ്ങിയതിന് സിപിഎമ്മിനെയും എം.പി കെ.രാധാകൃഷ്ണനെയുമാണ് ബിജെപി പ്രതിക്കൂട്ടിൽ നിർത്തുന്നത്. കേന്ദ്ര ഏജൻസിയുടെ കർശന നിയമമാണ് വില്ലനെന്ന് രാധാകൃഷ്ണൻ തിരിച്ചടിച്ചു.
മീന മാസത്തിലെ രണ്ടാം ശനിയാഴ്ച്ചയാണ് കാളി-ദാരിക സംവാദവും കാളവേലയും ഉൾപ്പെടുന്ന ഉൽസവം. വേലയുടെ ഭാഗമായ വെടിക്കെട്ട് പൊലീസ് തടസപ്പെടുത്തിയത് എംപിയും മുൻമന്ത്രിയുമായ കെ രാധാകൃഷ്ണന്‍റെ താൽപര്യപ്രകാരമാണെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ പെസോ നിയമമാണ് വെടിക്കെട്ട് മുടങ്ങാൻ കാരണമെന്നാണ് കെ. രാധാകൃഷ്ണൻറെ മറുപടി. അഞ്ച് ദേശങ്ങൾ ചേർന്ന് നടത്തുന്ന വേലയുടെ ഭാഗമായ വെടിക്കെട്ട് നാടിന്‍റെ വികാരമാണെന്ന് നാട്ടുകാര്‍ പറയുന്നു.