തൃശൂരില്‍ കെ.കരുണാകരന്‍ സ്മൃതിമണ്ഡപത്തില്‍ പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വിലക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ കല്യാണിക്കുട്ടിയമ്മയെ അപമാനിച്ച് പ്രസ്താവന നടത്തിയതാണ് വിലക്കിനു കാരണം. ഈ സാഹചര്യം തിരിച്ചറിഞ്ഞ് പി.സരിനും എ.കെ.ഷാനിബും ലീഡറുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
പാലക്കാട്ടെ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവുമായ ഡോക്ടര്‍ പി.സരിന്‍ തൃശൂര്‍ പൂങ്കുന്നത്തെ മുരളീമന്ദിരത്തിലെ കെ.കരുണാകരന്റെ സ്മൃതിമണ്ഡപത്തില്‍ എത്തി. പുഷ്പാര്‍ച്ചന നടത്തി. നാമനിര്‍ദ്ദേശ പത്രിക കൊടുക്കും മുമ്പ് ലീഡര്‍ക്ക് പ്രണാമം അര്‍പ്പിക്കാനാണ് വരവെന്ന് പി.സരിന്‍ പറഞ്ഞു.
യു.ഡി.എഫ്. വിമതനായി മല്‍സരിക്കുന്ന പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ.ഷാനിബും മുരളീമന്ദിരത്തില്‍ എത്തിയിരുന്നു. ലീഡറുടേയും പത്നിയുടേയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ഷാനിബിന്റെ പ്രസ്താവന.
യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തെ മുരളീ മന്ദിരത്തില്‍ കയറ്റരുതെന്ന് നിര്‍ദ്ദേശമുണ്ട്. പത്മജ വേണുഗോപാലിന്‍റെ നിയന്ത്രണത്തിലാണ് മുരളീമന്ദിരം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പത്മജ ബി.ജെ.പിയില്‍ ചേക്കേറിയപ്പോള്‍ രൂക്ഷമായ ഭാഷയിലായിരുന്നു രാഹുല്‍ മാങ്കൂട്ടം വിമര്‍ശിച്ചത്. പകല്‍ സമയത്ത് തുറന്നിടാറുള്ള മുരളീമന്ദിരത്തിന്റെ കവാടം ഇന്ന് അടച്ചിട്ടിരുന്നു. കോണ്‍ഗ്രസുകാരെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരിക അടുപ്പമുള്ള ഇടമാണ് ലീഡറുടെ സ്മൃതിമണ്ഡപം. അവിടെ, യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ പ്രവേശിപ്പിക്കാത്തത് പാര്‍ട്ടിക്കാര്‍ക്കിടയില്‍ ചര്‍ച്ചയാക്കാനാണ് സരിന്‍റേയും ഷാനിബിന്‍റേയും ശ്രമം.