fourteenth-death-anniversay-of-k-karunakaran

TOPICS COVERED

ദേശീയ രാഷ്ട്രീയത്തിലെ തന്നെ ഭീഷ്മാചാര്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കെ. കരുണാകരന്‍ വിടപറഞ്ഞിട്ട് ഇന്ന് പതിനാനാലാം വര്‍ഷം. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നും പ്രസംഗങ്ങളില്‍ ലീഡര്‍ ശ്രീ കെ.കരുണാകരന്‍ എന്നല്ലാതെ അദ്ദേഹത്തെ വിശേഷിപ്പിക്കില്ല. ആരോപണങ്ങളെയും പരിഹാസങ്ങളെയും കണ്ണിറുക്കി ചിരിച്ച് നേരിട്ട നേതാവ് അന്നും ഇന്നും ഇതുപോലെ വേറെയില്ല.

 

കേരള രാഷ്ട്രീയത്തില്‍ ഇതുപോലെ തല്ലും തലോടലും ഏറ്റുവാങ്ങിയ മറ്റൊരുനേതാവില്ല. പുകഴ്ത്തലും കൊടിയ ഇകഴ്ത്തലും ചിരിയോടെ നേരിട്ട കെ. കരുണാകരന്‍ എന്ന ലീഡറെ അക്കാര്യത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍  ഇന്നത്തെ നേതാക്കള്‍ക്കും ഭരണാധിപന്മാര്‍ക്കും മാതൃകയാക്കാവുന്നതാണ്.

കണ്ണൂര്‍ ചിറയ്ക്കല്‍  നിന്ന് ചിത്രംവര പഠിക്കാന്‍ തൃശ്ശൂരിലെത്തുകയും പിന്നീട് തിരുവനന്തപുരത്തെത്തികേരളരാഷ്ട്രീയത്തിന്റെ ചിത്രംതന്നെ മാറ്റിവരയ്ക്കുകയും ചെയ്ത കരുണാകരന്‍ രാഷ്ട്രീമീമാംസയില്‍ പുതിയ പാഠങ്ങള്‍ ചേര്‍ത്തു. നെഹ്റുകുടുംബത്തിലെ മൂന്നുതലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നിരയില്‍ തലയുയര്‍ത്തിനിന്ന മറ്റൊരു  ലീഡറെ കേരളത്തില്‍  നിന്ന് ചൂണ്ടിക്കാണിക്കാനാവില്ല.

തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലൂടെയായിരുന്നു രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തുടക്കം. കരുണാകരന്റെ നേതൃശേഷി തിരിച്ചറിഞ്ഞ പനമ്പിള്ളി ഗോവിന്ദമേനോന്റെ അനുഗ്രാശിസുകളോടെ കരുണാകരന്‍  രാഷ്ട്രീയപ്പൂരത്തില്‍ ലക്ഷണമൊത്ത കൊമ്പനായി വളരുകയായിരുന്നു.

1960 ലെ നിയസഭാ തിരഞ്ഞടുപ്പില്‍ മാളയില്‍ കരുണാകരന്‍ മല്‍സരിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ മല്‍സരിച്ചില്ല. 65 ല്‍ അദ്ദേഹം ഇടതുസ്ഥാനാര്‍ഥിയെ ഇതേമണ്ഡലത്തില്‍ തോല്‍പ്പിച്ച് നിയമസഭയിലെത്തി. 67 ല്‍ വീണ്ടും ജയം.

നിയമസഭാകക്ഷിനേതാവ്. 70 ല്‍വീണ്ടും സി.അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി. അടിയന്തരാവസ്ഥ ഉള്‍പ്പടെയുള്ള  രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക ഏടുകള്‍ കരുണാകരനെ നായകനും വില്ലനുമാക്കി.80 ലും 82ലും 87 ലും 91 ലുമെല്ലാം അദ്ദേഹം കേരള നിയമസഭയിലെ തിളങ്ങുന്ന താരമായി.

മുന്നണിരാഷ്ട്രീയത്തിലൂടെ കെട്ടുറപ്പുള്ള ഭരണസംവിധാനമുണ്ടാക്കാമെന്ന് തെളിയിച്ച നേതാക്കളില്‍ പ്രമുഖനാണ് കരുണാകരന്‍. ഐക്യ ജനാധിപത്യമുന്നണി എന്ന യു.ഡി.എഫ് കരുണാകരന്റെ സംഭാവനയാണ്. ആരെയും അല്‍ഭുതപ്പെടുത്തുന്ന രാഷ്ട്രീയനീക്കങ്ങളിലൂടെ എണ്‍പതുകളില്‍ അനിഷേധ്യനായി അദ്ദേഹം.

ജാതിമത ചിന്തകൾക്ക് അതീതമായി കേരള ജനതയെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും നയിക്കാൻ തയാര്‍ എന്ന മനോഭാവമായിരുന്നു കരുണാകരന്റെ കരുത്ത്. മുപ്പത്താറാം വയസില്‍ ഒപ്പംകൂട്ടിയ കല്യാണിക്കുട്ടിയമ്മയായിരുന്നു കരുണാകരന്റെ മറ്റൊരു ശക്തി. ലീഡറെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല.

തന്റെ ജീവിതത്തിലുടനീളം നേരിടേണ്ടി വന്ന അഗ്‌നി പരീക്ഷണങ്ങളെ നേരിടാനുള്ള അസാമാന്യ മനക്കരുത്തും തന്റേടവും കെ കരുണാകരൻ എന്ന നേതാവിനെമറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. പക്ഷേ  ജീവിത സഖി കല്യാണിക്കുട്ടിയമ്മയുടെ മരണം കരുണാകരന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അതുപോലെതന്നെയായിരുന്നു ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിയോഗവും. നെഹ്റുകുടുബത്തിലെ തലമുറമാറ്റത്തോടെ  കരുണാകരന്റെരാഷ്ട്രീയ ഗ്രാഫ് പതിയെ താഴാന്‍ തുടങ്ങിയെന്നത് വാസ്തവം.

കേരളത്തിന്റെ വികസന രംഗത്ത് കെ. കരുണാകരൻ നൽകിയ സംഭാവനകൾ നിസ്തുലമാണ്. പതിനാല് ജില്ലകളിലും കരുണാകര സ്പർശമുള്ള എന്തെങ്കിലും വികസന പദ്ധതികളുണ്ട്.  കോൺഗ്രസ് പാർട്ടിയിൽ ഇന്ന് നേതൃസ്ഥാനത്തുള്ള ഒട്ടു മിക്ക നേതാക്കളുടെയും വളർച്ചയിൽ കരുണാകരൻ വഹിച്ച പങ്ക് നിർണായകം. അതില്‍ പലരും ലീഡറെ പിന്നീട് തള്ളിപ്പറഞ്ഞതും കാലം കാണിച്ചുകൊടുത്ത സത്യം

മാളയുടെ മാണിക്യം, ആശ്രിത വൽസലൻ, ഭീഷ്മാചാര്യർ, രാഷ്ട്രീയ ചാണക്യൻ, വികസന നായകൻ തുടങ്ങി വിശേഷണങ്ങളുടെ നീണ്ട നിരതന്നെ ആ പേരിനൊപ്പം ജനങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അതിലേറെ വിമര്‍ശനങ്ങളും. ആരോപണങ്ങളെയും പരിഹാസങ്ങളെയും കണ്ണിറുക്കി, പല്ലുമുഴുവന്‍ കാട്ടി ചിരിച്ച്  സഹിഷ്ണുതയോടെ നേരിട്ടു കരുണാകരന്‍.

ഇതുപോലൊരു നേതാവിനെ    ചൂണ്ടിക്കാട്ടാന്‍ ഇന്നും പ്രയാസമാണ്. അതുകൊണ്ടുതന്നെയാണ് കെ. കരുണകാരനെ വിശേഷിപ്പിക്കാന്‍ ലീഡര്‍ എന്ന പദം ഇന്നും  പലരും  ഉപയോഗിക്കുന്നതും.

ENGLISH SUMMARY:

Fourteenth death anniversary of K Karunakaran