ചേലക്കരയിലും പി.വി അൻവർ തന്റെ സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസിനെ സഹായിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അൻവറിനെ മുന്നണിയിൽ എടുക്കുന്നതിൽ യുഡിഎഫ് നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും തിരുവഞ്ചൂർ മനോരമ ന്യൂസിനോട് പറഞ്ഞു. ചേലക്കരയുടെ കാര്യത്തിൽ അൻവർ നിലപാട് വ്യക്തമാക്കട്ടെയെന്നും കോൺഗ്രസിനെ ബാധിക്കില്ലെന്നും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പ്രതികരിച്ചു.
പാലക്കാട് ചെയ്തതുപോലെ ചേലക്കരയിലും പി.വി അൻവർ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ ചർച്ചകൾ സജീവമാക്കി. തിരഞ്ഞെടുപ്പാണ് ഇപ്പോൾ മുന്നിലുള്ള അടിയന്തര സാഹചര്യം. മറ്റു ചർച്ചകൾ പിന്നീട്.
എന്നാൽ അൻവർ തന്റെ സ്ഥാനാർഥിയെ പിൻവലിക്കണമെന്നോ, വേണ്ടെന്നോ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പറഞ്ഞില്ല. മൂന്ന് പ്രധാന സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിച്ചതോടെ ചേലക്കരയിൽ പ്രചാരണം ഫുൾ ഗിയറിലായി.