പൊലീസ് അതിക്രമത്തിനെതിരെ ജനങ്ങൾ പ്രതിരോധം തീർക്കണമെന്ന് പി.വി അൻവർ എം.എൽഎ. കാസർകോട് എസ്.ഐയുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അബ്ദുൾ സത്താറിന്‍റെ കുടുംബത്തെ കണ്ട ശേഷമായിരുന്നു അൻവറിന്റെ പ്രതികരണം. എസ്ഐ അനൂപിനെ പിരിച്ചുവിടണമെന്ന് അബ്ദുൾ സത്താറിന്റെ കുടുംബവും ആവശ്യപ്പെട്ടു.
സർക്കാരിനെയും പൊലീസിനെയും കടന്നാക്രമിച്ചാണ് പി.വി അൻവർ കാസർകോട്ടെ ഓട്ടോഡ്രൈവർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ജനകീയ പ്രതിരോധം തീർത്ത് പൊലീസിനെ നേരിടണമെന്നാണ് ഡിഎംകെ നയമെന്ന് വ്യക്തമാക്കിയ അൻവർ പൊലീസിന്റെത് ഗുണ്ടാ ശൈലിയാണെന്നും ആഞ്ഞടിച്ചു.
തട്ടിപ്പ് സംഘത്തിൻ്റെ സ്വഭാവം പൊലീസ് കാണിക്കുന്നു. അബ്ദുൾ സത്താറിന്റെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഇടപെടാതിരുന്ന തൊഴിലാളി സംഘടനകൾക്കും വിമർശനം. പിതാവിന്റെ മരണത്തിന് കാരണക്കാരനായ എസ്ഐയെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് സത്താറിന്റെ മകനും ആവശ്യപ്പെട്ടു. അബ്ദുൾ സത്താറിന്‍റെ കുടുംബത്തെ സഹായിക്കുന്നതിനായി ധനസമാഹരണ ക്യാംപെയ്നും അൻവർ ആരംഭിച്ചിട്ടുണ്ട്.