തന്‍റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് എന്‍.ഡി.എ കള്ളപ്രചാരണം നടത്തുന്നുവെന്ന് പ്രിയങ്ക ഗാന്ധി. ഒന്നും  മറച്ചുവച്ചില്ല, സത്യവാങ്മൂലത്തിലേത് വസ്തുതയാണ്. നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചുകഴിഞ്ഞെന്നും പ്രിയങ്ക ഗാന്ധി വയനാട്ടില്‍ പറഞ്ഞു. വയനാട് ദുരന്തത്തിലെ നഷ്ടപരിഹാരം കേന്ദ്രം നല്‍കാത്തതിന് പിന്നില്‍ രാഷ്ട്രീയമെന്ന് ആരോപിച്ച പ്രിയങ്ക, ഇരകളെ കെട്ടിപ്പിടിച്ച് പോയ പ്രധാനമന്ത്രി ധനസഹായം നല്‍കാത്തത് ലജ്ജാകരം. സഹായം വയനാട്ടുകാരുടെ അവകാശം, നിലപാടിനെതിരെ ശബ്ദമുയര്‍ത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, നൂറു കണക്കിന് പ്രവർത്തകരാണ് പ്രിയങ്കയുടെ റോഡ് ഷോയിലും കോർണർ യോഗത്തിലും പങ്കെടുത്തത്. നീലഗിരി കോളജിൽ ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം റോഡ് മാർഗമാണ് പ്രിയങ്ക മീനങ്ങാടിയിലെത്തിയത്. റോഡ് ഷോയ്ക്ക് ശേഷം അരമണിക്കൂറോളം പ്രവർത്തകരെ അഭിസംബോധന ചെയ്തു. വയനാടിനു വേണ്ടി പാർലമെന്‍റിൽ ശബ്ദം ഉയർത്തുമെന്നും മെഡിക്കൽ കോളജടക്കമുള്ള കാര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞു. നമ്മളിന്നൊരു യുദ്ധത്തിലാണെന്നും   ആ യുദ്ധം നയിക്കുന്നത് രാഹുലാണെന്നും ഭരണഘടന മൂല്യങ്ങൾക്ക് വേണ്ടിയാണ് പോരാട്ടമെന്നും പ്രിയങ്ക കൂട്ടിചേർത്തു.

വോട്ട് അഭ്യർത്ഥിച്ച് പ്രിയങ്ക വയനാട് മുട്ടിൽ ഡബ്ല്യുഎംഒ കോളേജിലുമെത്തി. നിറഞ്ഞ കയ്യടികളോടെയും സെൽഫി എടുത്തുമാണ് വിദ്യാർത്ഥികൾ പ്രിയങ്ക ഗാന്ധിയെ ക്യാമ്പസിലേക്ക് സ്വാഗതം ചെയ്തത്. 20മിനിറ്റ് വിദ്യാർത്ഥികളോട് സംവദിച്ച പ്രിയങ്ക ഗാന്ധി വയനാട് മെഡിക്കൽ കോളജിനായി പോരാടുമെന്ന് ഉറപ്പുനൽകി. രാജ്യത്ത് സ്നേഹവും ഐക്യവും വളർത്തേണ്ടത് യുവാക്കളുടെ ഉത്തരവാദിത്വമെന്നും, എംപിയായി അവസരം നൽകുകയാണെങ്കിൽ ജനങ്ങളോടൊപ്പം  ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ENGLISH SUMMARY:

Priyanka Gandhi stated that the NDA is engaging in false propaganda regarding her assets. She emphasized that property details have not been hidden anywhere and that the affidavit contains the truth. She also mentioned that the nomination paper has been accepted by the election officer, speaking in Wayanad.