പ്രചരണവഴികളില്‍ ഓരോഘട്ടത്തിലും പുതുമ നിറയാറുണ്ടെങ്കിലും വോട്ടുറപ്പിക്കാന്‍ വീട്ടിലെത്തി വോട്ടര്‍മാരെ കാണുക തന്നെ വേണം. കാലമെത്ര കഴിഞ്ഞാലും ഈ വോട്ടുതേടലിനെ വെല്ലാന്‍ ഒരു പ്രചരണ വഴിയ്ക്കുമാവില്ല. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി സ്വന്തം നാട്ടുകാരനായ എം.പിയുടെ നേതൃത്വത്തിലാണ് വീട് കയറുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനായി അ‌ടൂര്‍ പ്രകാശ് എം.പി വോട്ട് തേടുന്നതിന് പിന്നിലൊരു വൈകാരിക ബന്ധം കൂടിയുണ്ട്.  

സ്വയം പരിചയപ്പെടുത്തലും വിശേഷം തിരക്കിയുള്ള വോട്ടുതേടലും കണ്ടാല്‍ മല്‍സരിക്കുന്നത് രാഹുല്‍ മാങ്കൂട്ടമാണോ, അടൂര്‍ പ്രകാശാണോ എന്ന് സംശയിച്ചേക്കാം. പ്രകാശിന് സംശയമില്ല. മല്‍സരിക്കുന്നത് തന്റെ മകന്റെ സ്ഥാനത്തുള്ള രാഹുലാണ്. മറ്റെവിടെയും പ്രചരണത്തിന് പോവാതെ പാലക്കാട് തുടരാന്‍ പ്രകാശിനെ പ്രേരിപ്പിക്കുന്നത് രാഹുലിന്റെ അച്ഛനുമായുള്ള ആത്മബന്ധം.  

ഇലക്ഷന്‍ മാനേജ്മെന്റ് വിദഗ്ധനെന്ന് അറിയപ്പെടുന്ന അടൂര്‍ പ്രകാശിനെ കിട്ടിയപ്പോള്‍ ഡിസിസി നേതൃത്വം കൂടുതല്‍ ഉഷാറായി. ജില്ലാ അധ്യക്ഷനും കൗണ്‍സിലര്‍മാരും മുന്‍ ജനപ്രതിനിധികളും തുടങ്ങി സകലരും ഒപ്പമുണ്ട്. ഇതിനിടയില്‍ ഫോണില്‍ അമേരിക്കയിലേക്കൊരു വിളി. 

അ‍ഞ്ച് വട്ടം കോന്നിയിലെ വിജയം, യു.ഡി.എഫിന് ബാലികേറാമലയായിരുന്ന ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം ത്രികോണപ്പോരാട്ടത്തില്‍ രണ്ടാംവട്ടവും നിലനിര്‍ത്തിയ പരിചയം. ആറ്റിങ്ങലില്‍ ഇത്തവണ താന്‍ വിയര്‍ത്തതിന്റെ അതയൊന്നും പരിശ്രമം വേണ്ടിവരില്ലെന്നും രാഹുല്‍ പാലക്കാട്ട് അഞ്ചക്ക ഭൂരിപക്ഷം കടക്കുമെന്നും പ്രകാശിന്റെ അവകാശവാദം.

ENGLISH SUMMARY:

Candidates entering homes to request votes