കൊടകര കുഴൽപ്പണക്കേസിൽ തനിക്കുനേരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരൂര്‍ സതീശന് പിന്നില്‍ താനെന്ന് വരുത്താനാണ് ശ്രമം. തന്‍റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ശോഭ രാഷ്ട്രീയത്തില്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നത് പിണറായി വിജയനാണ്. ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും, എന്റെ ജീവിതംവച്ച് കളിക്കേണ്ട. തിരൂര്‍ സതീശനെതിരെ നിയമനടപടി ആലോചിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.
‘ഞാന്‍ രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇ.പി.ജയരാജനും തനിക്കെതിരെ പ്രവർത്തിക്കുന്നു. ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് പൊതുപ്രവർത്തനം അവസാനിപ്പിച്ച് തന്നെ വീട്ടിലേക്ക് വിടാനാന്‍ ശ്രമിക്കുന്നവരുടെ മുഖപടം ചീന്തിയെറിയും .അതിനുള്ള അത്യാവശ്യം ബന്ധങ്ങള്‍ എനിക്കും കേന്ദ്രത്തിലുണ്ട്. സതീശന്‍റെ വാട്സാപ്പ് സന്ദേശങ്ങളും ഫോൺകോളും എടുപ്പിക്കാൻ പിണറായി വിജയന്‍റെ കൂടെയുള്ള പൊലീസുകാർക്ക് മാത്രമല്ല കഴിവുള്ളത്. സതീശന് ജപ്തി ഭീഷണി ഉണ്ടായിരുന്നു. കുറച്ചു തുക ലോണിലേക്ക് അടച്ചുവെന്ന് സതീശൻ പറഞ്ഞു. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന സതീശന് ലോണടയ്ക്കാനുള്ള തുക എവിടെ നിന്നാണ് ലഭിച്ചത്. സതീശന്‍റെ പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
‘വലിയ ഡോണാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകൾ വീണയെ ചില കാര്യങ്ങളിൽ ചോദ്യം ചെയ്യാൻ പോകുന്നിതിനിടയിലാണ് പി.പി.ദിവ്യ ഇറങ്ങിവന്നത്. വീണയുടെ സുഹൃത്താണ് ദിവ്യ. കരുവന്നൂരിലെ പ്രശ്നം അവസാനിപ്പിച്ചിട്ടില്ല. കരുവന്നൂർ കേസിലെ പ്രതികളെ രക്ഷിക്കാൻ, കേസ് അട്ടിമറിക്കാൻ കണ്ണൂരിലെ ഇടതുനേതാക്കൾ ശ്രമിക്കുന്നുണ്ട്. നിങ്ങൾക്കെന്നെ കൊല്ലാം, ഇല്ലാതാക്കാൻ കഴിയില്ല. എന്റെ പൊതുപ്രവർത്തനത്തെ അവസാനിപ്പിക്കാൻ ഇല്ലാത്ത ആരോപണം കൊണ്ട് സാധിക്കില്ലെന്ന് ശോഭ പറഞ്ഞു.