• കുഴല്‍പ്പണ ഇടപാടുകാരന്‍ ധര്‍മരാജനെ അറിയാം
  • പണച്ചാക്കിന്‍റെ കാര്യം ആദ്യമൊഴിയില്‍ ഇല്ല
  • വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ ആദ്യമൊഴി പുറത്ത്. നേതാക്കള്‍ പറഞ്ഞ പ്രകാരം കുഴല്‍പ്പണ സംഘത്തിനായി ഹോട്ടലില്‍ മുറിയെടുത്തുവെന്നും കുഴല്‍പ്പണ ഇടപാടുകാരന്‍ ധര്‍മരാജനെ അറിയാമെന്നും സതീശന്‍ പ്രത്യേക പൊലീസ് സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സതീശന്‍ നല്‍കിയ മൊഴി മനോരമന്യൂസിന് ലഭിച്ചു. അതേസമയം, വിവാദമായ പണച്ചാക്കിന്‍റെ കാര്യം മൊഴിയില്‍ പരാമര്‍ശിക്കുന്നില്ല. 

വിവാദം കൊഴുക്കുന്നതിനിടെ സതീശന്‍ ഇന്ന് തൃശൂരില്‍ മാധ്യമങ്ങളെ കാണും. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് സൂചന. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രൻ സതീശനുമായുള്ള ബന്ധം തള്ളി പറഞ്ഞിരുന്നു. ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് പൊലീസ് സുരക്ഷയിലാണ് സതീശന്റെ വീട്. സതീശന്റെ വെളിപ്പെടുത്തലിന് ശേഷം ബി.ജെ.പി പ്രതിരോധത്തിലാണ്. രണ്ടു ദിവസത്തിനകം സതീശന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. 

2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിക്കു വേണ്ടി എത്തിച്ച കുഴൽപണം തന്നെയെന്നായിരുന്നു സതീശന്‍റെ വെളിപ്പെടുത്തല്‍ എന്നാൽ, സാമ്പത്തിക തിരിമറിക്കു പുറത്താക്കിയ ആളാണു സതീഷെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചാണെന്ന് ആർക്കും മനസ്സിലാകുമെന്നും ബിജെപി ജില്ലാ നേതൃത്വവും പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് ഫണ്ട് ചാക്കിൽ കെട്ടി പാർട്ടിയുടെ ജില്ലാ ഓഫിസിൽ ഏപ്രിൽ 2ന് രാത്രി 11ന് എത്തിച്ചുവെന്നും തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾ എന്നാണ് പറഞ്ഞതെന്നുമാണ് സതീഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പണം കൊണ്ടുവന്നത് ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിന്റെ അറിവോടെയാണെന്നും കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നുമാണ് സതീഷ് പറഞ്ഞത്. 

എത്ര രൂപയാണ് ഉണ്ടായിരുന്നത് എന്നറിയില്ല. പണം കൊണ്ടുവന്നത് പാർട്ടി അനുഭാവിയും വ്യാപാരിയുമായ ധർമരാജനാണ്. ഓഫിസിൽ ജനറൽ സെക്രട്ടറിമാർ ഇരിക്കുന്ന മുറിയിലാണ് പണം വച്ചിരുന്നത്. അതിനു കാവലിരിക്കലായിരുന്നു പ്രധാനപണി. പണമാണെന്ന് അറിഞ്ഞപ്പോൾ പേടി തോന്നി. പിന്നീട് മുറി പൂട്ടിയാണു പണം സൂക്ഷിച്ചത്. പണം അവിടെ നിന്നു കൊണ്ടുപോകുന്നതിനിടെ കവർച്ച ചെയ്യപ്പെട്ട വിവരം അറിയുന്നത് സംഭവം നടന്നതിനു പിറ്റേന്നാണ്. അന്ന് ഓഫിസ് സെക്രട്ടറി ആയിരുന്നതിനാൽ പൊലീസിന് ഇത്തരത്തിൽ മൊഴി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാൾ മുൻപ്, 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് ആണ് കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച് കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. ഇതു ബിജെപിയുടെ പണമായിരുന്നെന്നും മൂന്നരക്കോടി രൂപ ഇതിൽ ഉണ്ടായിരുന്നെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. തിരഞ്ഞെടുപ്പിനായി കർണാടകയിൽ നിന്നു കടത്തിയ പണം ആലപ്പുഴ ബിജെപി ജില്ലാ ട്രഷറർക്കു നൽകാൻ കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ കാണിച്ചിരുന്നു. 23 പേരെ അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കൾ ഉൾപ്പെടെ 19 പേർ സാക്ഷികളാണ്. കവർന്നതിൽ 1.4 കോടി എവിടെയെന്നു കണ്ടെത്താൻ സാധിച്ചില്ല.

ENGLISH SUMMARY:

Kodakara Hawala Case: The former office secretary of the BJP told the police in his first statement that leaders asked him to book a room for them. He also mentioned that he knew the hawala dealer Dharmarajan