കൊടകര കുഴല്‍പ്പണം സംബന്ധിച്ച ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ശോഭ സുരേന്ദ്രന്‍. ആരോപണങ്ങള്‍ക്ക് പിന്നിലെ തിരക്കഥ എകെജി സെന്‍ററില്‍ നിന്നാണ്. സതീശനെ സിപിഎം വിലയ്ക്കെടുത്തെന്നും അവര്‍ ആരോപിച്ചു. ബിജെപിയെ തകര്‍ക്കാനുള്ള സിപിഎം ശ്രമമാണിതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, താന്‍ നൂലില്‍ കെട്ടിയിറങ്ങി വന്ന നേതാവല്ലെന്നും ബിജെപിയുടെ പ്രസിഡന്‍റാകാന്‍ തനിക്ക് എന്താണ് അയോഗ്യതയെന്നും അവര്‍ ചോദ്യമുയര്‍ത്തി. മരംമുറിക്കേസിലെ കുറ്റപത്രം വൈകുന്നതെന്തുകൊണ്ടാണെന്നും അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സിയെ സമീപിക്കുമെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിനിടെ ഇ.പി ജയരാജനെതിരെയും ശോഭാ സുരേന്ദ്രന്‍ ആരോപണങ്ങളുയര്‍ത്തി. ഇ.പി ജയരാജനെ തൃശൂര്‍ രാമനിലയത്തില്‍ വച്ച് കണ്ടെന്നുള്ള ഡയറി രേഖകളും ശോഭ പുറത്തുവിട്ടു. 2023 മാര്‍ച്ച് നാലിനായിരുന്നു കൂടിക്കാഴ്ച. തനിക്കെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞല്ലോ, ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുതെന്നും ഇപിയെക്കാള്‍ വലിയ നേതാക്കള്‍ ബിജെപിയില്‍ വരുമെന്നും ശോഭാസുരേന്ദ്രന്‍ അവകാശപ്പെട്ടു. എന്നാല്‍ നിലവാരമുള്ളവരുടെ വാക്കുകളോടേ പ്രതികരിക്കേണ്ടതുള്ളൂവെന്നായിരുന്നു ഇ.പി. ജയരാജന്‍റെ മറുപടി. ശോഭ ഉയര്‍ത്തിയ ആരോപണങ്ങളെ കുറിച്ച് ശോഭയോടാണ് ചോദിക്കേണ്ടതെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.