പാലക്കാട്ടെ യുഡിഎഫ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ അര്‍ധരാത്രിയിലെ പരിശോധനയ്ക്കും സിപിഎമ്മിന്‍റെ കള്ളപ്പണ ആരോപണത്തിനും പിന്നാലെ പാലക്കാട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഫെനി നൈനാന്‍ നീല ട്രോളി ബാഗുമായി പോകുന്നത് ദൃശ്യങ്ങളില്‍. രാത്രി 10.11മുതല്‍ 11.30 വരെയുള്ള സമയത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, വി.കെ.ശ്രീകണ്ഠന്‍ തുടങ്ങിയവരും ദൃശ്യങ്ങളില്‍.
അതേസമയം, പുറത്തുവന്ന ദൃശ്യങ്ങളിലെ ദുരൂഹത എന്തെന്നറിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ശ്രീകണ്ഠനും ഷാഫി പറമ്പിലും ഇറങ്ങിയോടിയെന്നാണ് സി.പി.എമ്മുകാര്‍ പറഞ്ഞത്. ഞാന്‍ പിന്നിലൂടെ പോയെന്ന് പറഞ്ഞതും തെറ്റെന്ന് തെളിഞ്ഞില്ലേ. സി.പി.എം ആദ്യഘട്ടത്തില്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൊളിഞ്ഞു. ബോര്‍ഡ് റൂമിലെ ദൃശ്യങ്ങള്‍ സി.പി.എം പുറത്തുവിടട്ടേയെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, പാലക്കാട് ഹോട്ടലിലെ പൊലീസ് പരിശോധന സമയത്തെ സംഘര്‍ഷത്തില്‍ കേസെടുത്തു. ഹോട്ടലുടമയുടെ പരാതിയില്‍ കണ്ടാലറിയുന്ന പത്തുപേര്‍ക്കെതിരെയാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍പ്പേരെ പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍, ട്രോളി ബാഗില്‍ കോണ്‍ഗ്രസ് പണം കടത്തിയെന്ന് ഉറച്ചു നില്‍ക്കുകയാണ് സിപിഎം. തെളിവ് ഉടന്‍ പുറത്തുവരുമെന്നും സി.പി.എം പറയുന്നു. ഫെനി നൈനാനാണ് ട്രോളി ബാഗ് കൊണ്ടുവന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നു. ഒരു റൂമില്‍നിന്ന് മറ്റൊരു റൂമിലേക്ക് ബാഗ് പിന്നീട് മാറ്റി. ഹോട്ടലിന്റെ പിന്നില്‍ ഏണിവച്ച് ഇറങ്ങാന്‍ സൗകര്യമുണ്ടെന്നും ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു.
തൊട്ടുപിന്നാലെ അതേ നീല ബാഗ് പ്രദര്‍ശിപ്പിച്ച് ഒരു രൂപ കടത്തിയെന്ന് തെളിയിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചിരുന്നു. പണം കടത്തിയെന്ന് തെളിയിച്ചാല്‍ പ്രചാരണം നിര്‍ത്താമെന്നും എന്ത് ശാസ്ത്രീയ പരിശോധനയും നടത്താം, വെല്ലുവിളിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. ട്രോളി ബാഗില്‍ വസ്ത്രങ്ങള്‍ കൊണ്ടുപോയിട്ടുണ്ടാകാം. ഈ ഹോട്ടലില്‍ പല ദിവസങ്ങള്‍ താമസിച്ചു, ഇവിടെ നിന്ന് മാധ്യമങ്ങളെ കണ്ടു. കോഴിക്കോട്ടെ അസ്മ ടവറിലെ സിസിടിവിയിലും പെട്ടി ഉണ്ടാകും. ഞാന്‍ പിന്‍വാതിലിലൂടെ ഇറങ്ങിയോടി എന്നല്ലേ പ്രചാരണം, തെളിയിക്കൂ എന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അനധികൃതമായി പണമെത്തിച്ചെന്ന എല്‍.ഡി.എഫ് പരാതിയില്‍ പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ അര്‍ധരാത്രിയായിരുന്നു പൊലീസിന്റെ മിന്നല്‍ നീക്കം. നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ, പുലര്‍ച്ചെ വരെ വന്‍ സംഘര്‍ഷവും കയ്യാങ്കളിയും അരങ്ങേറി. പാതിരാനാടകത്തിനൊടുവില്‍ ഒന്നും കണ്ടെത്തിയില്ലെന്ന പൊലീസ് മറുപടിയില്‍ പോര്‍വിളി തിളച്ചു. സി.പി.എം– ബി.ജെപി തിരക്കഥ പൊളിഞ്ഞുവീണെന്ന് ഷാഫി പറമ്പിലും വി.കെ.ശ്രീകണ്ഠനും ആരോപിച്ചു.