palakkad-raid

പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിലടക്കം പൊലീസ് പാതിരാ പരിശോധന നടത്തിയത് ഡി ജി പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ. തിരഞ്ഞെടുപ്പു കാലത്തെ പരിശോധനകൾ വരണാധികാരിയായ കലക്ടറെ മുൻകൂട്ടി അറിയിക്കണമെന്ന നിയമവും പൊലീസ് ലംഘിച്ചു. ഇതോടെ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് സി പി എം നടത്തിയ രാഷ്ട്രീയനീക്കമെന്ന സംശയം ബലപ്പെട്ടു.

Read Also: ട്രോളി ബാഗുമായി ഇറങ്ങാന്‍ ഡിവൈഎഫ്ഐ; നേരില്‍ കണ്ട് വിശദീകരിക്കാന്‍ രാഹുല്‍

കള്ളപ്പണം പിടിക്കാനുള്ള പൊലീസിന്റെ പാതിരാത്രിയിലെ വെപ്രാളവും അതിനെ ചൊല്ലിയുള്ള സംഘർഷവും പൊലീസ് മേധാവി അറിയുന്നത് ചാനലുകളിൽ വാർത്ത വന്ന ശേഷം. പോലീസ് നടപടികൾ നേരിട്ട് നിയന്ത്രിക്കേണ്ട ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി യുടെയും റേഞ്ച് ഐ ജി യുടെയും കാര്യവും അങ്ങിനെ തന്നെ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ പാലക്കാട് ജില്ല പൊലീസ് മേധാവി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. അതിനാൽ അറിഞ്ഞയുടൻ വിളിച്ച് റെയ്ഡിൽ ഇടപെടാനുമായില്ല. റെയ്ഡ് വിവാദമായ ശേഷം രാവിലെ അന്വേഷിച്ചപ്പോൾ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെ പരിശോധനയെന്നായിരുന്നു പാലക്കാട് എസ് പിയുടെ മറുപടി. തിരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടലംഘനവും കള്ളപ്പണവുമൊക്കെ പരിശോധിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സെല്ലുണ്ട്. 

 

കലക്ടറുടെ അനുമതിയോടെ ഈ സെല്ലിനെ ഉൾപ്പെടുത്തി വേണം പരിശോധന നടത്താൻ. എന്നാൽ കലക്ടറെ മുൻകൂട്ടി അറിയിക്കാതെ പോലീസ് നേരിട്ട് പരിശോധനക്ക് ഇറങ്ങിയത് നിയമലംഘനമാണ്. ഒപ്പം ദുരൂഹത വർധിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ നേതാക്കളുടെ പക്കൽ കള്ളപ്പണമെന്ന അഞ്ജാത വിവരം ലഭിച്ചാലും നൂറ് ശതമാനം ഉറപ്പിക്കാതെ പോലീസ് റെയ്സിന് ഇറങ്ങാറില്ല. ആ കീഴ് വഴക്കം പാലക്കാട് എസ് പിയും സംഘവും ലംഘിച്ചത് രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണെന്നാണ് നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ റെയ്ഡിന് ചാടിയിറങ്ങിയതിനാൽ സമ്മർദം വന്നത് ഉന്നത രാഷ്ട്രീയ കേന്ദ്രത്തിൽ നിന്നാണെന്നും സംശയിക്കുന്നു.

Google News Logo Follow Us on Google News

ENGLISH SUMMARY:

Hotel inspection without the knowledge of DGP; The police break the law