നീല ട്രോളി ബാഗ് ആണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചാതാരം. പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലിലെ റെയ്ഡും കേസും അവസാനിപ്പിച്ചെങ്കിലും ട്രോളിയെ കേന്ദ്രമാക്കിയുള്ള ട്രോളുകളും ചര്‍ച്ചകളും സജീവമാണ്. പൊലീസിനു റെയ്ഡില്‍ പണം കണ്ടെത്താനായില്ലെങ്കിലും രണ്ട് ദിവസം പാലക്കാട് നിയോജക മണ്ഡലത്തെ തെല്ലൊന്നുമല്ല ഈ ബാഗ് വെള്ളം കുടിപ്പിച്ചത്. സിപിഎം കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും  ബാഗിലെ വസ്ത്രങ്ങളെ കുറിച്ചാണ്  രാഹുലിന് പറയാനുള്ളതേറെയും.   തന്‍റെ നീല ട്രോളി ബാഗിന്‍റെ കഥ രാഹുല്‍ മനോരമന്യൂസിനോട്  പങ്കുവച്ചു.

പോകുന്നിടത്തെല്ലാം ട്രോളിബാഗ് നിറയെ വസ്ത്രം കൊണ്ടുപോകാന്‍ എത്ര തവണ ഡ്രസ് മാറുമെന്ന ചോദ്യത്തിനാണ് രാഹുല്‍ ആദ്യം മറുപടി പറഞ്ഞത്. ‘പല പ്രാവശ്യം ഡ്രസ് മാറാറുണ്ട്, ആളുകളുടെ മുന്‍പിലേക്ക് മുഷിഞ്ഞ് നാറി ചെല്ലാറില്ല, ഫ്രഷ് ആയി പോവാനാണിഷ്ടം. ഇതൊന്നും നിങ്ങള്‍ കാണാറില്ലേ, പരമാവധി വൃത്തിയായി മാത്രമേ ആളുകളുടെ മുന്‍പിലേക്ക് ചെല്ലാറുള്ളൂ.’

എവിടെ പ്രചാരണത്തിനു ചെന്നാലും ട്രോളിയുമായി തന്നെയാണ് പോകാറുള്ളതെന്നും രാഹുല്‍ പറയുന്നു. ഇടക്കിടെ മഴ കൂടി പെയ്യുന്നതിനാല്‍ നല്ല രീതിയില്‍ ആളുകള്‍ക്ക് മുന്‍പില്‍ ചെല്ലാന്‍ ഒപ്ഷന്‍ ഉള്ളതിനാലാണ് ഡ്രസ് മാറുന്നതെന്നും രാഹുല്‍.

പാലക്കാട് ഹോട്ടലിലെ എല്ലാ മുറികളിലേക്കും ട്രോളിയും കൊണ്ടുപോകുന്നതെന്തിനെന്ന ചോദ്യത്തിനും രാഹുലിന് മറുപടി ഉണ്ട്. ബോര്‍ഡ് റൂമിലേക്കും തിരിച്ചും പോകുന്നതല്ലേ സിസിടിവിയില്‍ ഉള്ളത് അല്ലാതെ മറ്റേതെങ്കിലും മുറിയിലേക്ക് ആ ബാഗ് കൊണ്ടുപോയോ എന്നും രാഹുല്‍ തിരിച്ചു ചോദിക്കുന്നു. 

ബോര്‍ഡ് റൂമിലേക്ക് ബാഗ്  കൊണ്ടുപോയത് ഇടുന്ന ഡ്രസ് ഷാഫിയെ തുറന്നുകാണിക്കാനാണോ എന്ന ചോദ്യത്തിന് ആദ്യം ചിരിയായിരുന്നു മറുപടി. അങ്ങനെയൊരു കമന്റ് താനും കേട്ടെന്നും താനെന്തിനാണ് ഇടുന്ന വസ്ത്രങ്ങള്‍ അയാള്‍ക്ക് തുറന്നു കാണിക്കുന്നതെന്നും രാഹുല്‍ ചോദിക്കുന്നു. രാവിലെ മുതല്‍ ഉച്ചവരെ ഒരു ഡ്രസ് ഉപയോഗിക്കുന്നു അത് കഴിഞ്ഞ് ഫ്രഷ് ആയിട്ടാണ് പിന്നെ പോകുന്നത്. ഇതൊക്കെ വിവാദമാക്കണമെങ്കില്‍ വിവാദമാക്കാം. ഷര്‍ട്ടും ഷര്‍ട്ടിനു യോജിക്കുന്ന മുണ്ടുമാണ് താന്‍ എപ്പോഴും ധരിക്കാറുള്ളത്. കൊടകര ചര്‍ച്ച ഇല്ലാതാക്കാനാണ് ഈ നാടകമെന്നും രാഹുല്‍ പറയുന്നു. തന്‍റെ യാത്രകളിലെല്ലാം കൂടെയുള്ളതാണ് ഈ നീല ട്രോളി ബാഗെന്നും രാഹുല്‍ ആവര്‍ത്തിക്കുന്നു. 

Rahul Mamkootathil shared the story of his blue trolley bag with Manoramanews.:

Rahul Mamkootathil shared the story of his blue trolley bag with Manoramanews.