rahul

TOPICS COVERED

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ സി.പി.എം ഫേസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഞെട്ടി നേതൃത്വം. പേജ് ഹാക്ക് ചെയ്തെന്നും പരാതി നല്‍കും എന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. വിഡിയോ പരസ്യഡീലിന്റെ തെളിവെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചപ്പോ‍ള്‍ പത്തനംതിട്ടയിലെ സി.പി.എമ്മിന് തന്നോടുള്ള ഐക്യദാര്‍ഢ്യം എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

 

പതിനൊന്ന് വര്‍ഷമായി സജീവമായുള്ള സിപിഎം പത്തനംതിട്ട എന്നപേജിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വിഡിയോ വന്നതും ഉടന്‍ നീക്കിയതും. ലിങ്കും, സ്ക്രീന്‍ റെക്കോര്‍ഡിങ്ങുമടക്കം അതിവേഗം പ്രചരിച്ചു. 63,000 ഫോളോവേഴ്സ് ഉള്ള പേജാണ്. വ്യാജ അക്കൗണ്ടെന്ന് ആദ്യം പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി പിന്നീട് ഔദ്യോഗിക പേജെന്ന് തിരുത്തി. ഹാക്കിങ് എന്നും പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലോ കുടെയുള്ളവരോ ആണെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. രാഹുലിനെ നാട്ടുകാര്‍ക്ക് പോലും അറിയില്ല എന്നും ആരോപിച്ചു.

രാഹുലിന്റെ പ്രചാരണവിഡിയോ സി.പി.എം പേജില്‍ വന്നത് പരസ്യ ഡീലിന് തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. പത്തനംതിട്ടക്കാരനായ സ്ഥാനാര്‍ഥിക്കായി പത്തനംതിട്ട സി.പി.എം പോസ്റ്റിടുന്നവെന്നും പരിഹസിച്ചു. നവീന്‍ ബാബുവിന്‍റെ മരണത്തില്‍ അടക്കം പത്തനംതിട്ടയിലെ സി.പി.എമ്മിന് തന്നോടുള്ള ഐക്യദാര്‍ഢ്യമാണ് വിഡിയോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുമായാണ് തന്റെ ഡീല്‍. സി.പി.എം നേതാക്കളുമായി ഡീല്‍ ഉള്ളത് കെ.സുരേന്ദ്രനെന്നും വിമര്‍ശനം വിഡിയോ വിഷയം പത്തനംതിട്ടയില്‍ അന്വേഷിക്കാം എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. വിഡിയോ വന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

Rahul Mamkootathil's campaign video on CPM FB page