പത്തനംതിട്ട സിപിഎം ഫെയ്സ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിഡിയോ വന്നതില്‍ സിപിഎം ഇനിയും പരാതി നല്‍കിയില്ല. ഹാക്കിങ് എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും അഡ്മിന്‍മാരില്‍ ഒരാളാണ് വിഡിയോ അപ് ലോഡ് ചെയ്തത് എന്ന് വ്യക്തമായി. വിഡിയോ വന്നതോടെ ജില്ലാക്കമ്മിറ്റി അഡ്മിന്‍ പാനല്‍ അഴിച്ചു പണിതു.
നവീന്‍ ബാബുവിന്‍റെ മരണത്തില്‍ തല ഉയര്‍ത്തി നിന്ന പത്തനംതിട്ട ജില്ലാക്കമ്മിറ്റിക്ക് ഏറ്റ കനത്ത പ്രഹരമാണ് ഔദ്യോഗിക പേജില്‍ വന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വിഡിയോ. 11 വര്‍ഷമായി സജീവമായ പേജിനെ തള്ളിപ്പറഞ്ഞ ജില്ലാ സെക്രട്ടറി പിന്നീട് ഹാക്കിങ് എന്ന് തിരുത്തി. Also Read: സിപിഎം എഫ്ബി പേജില്‍ രാഹുലിന്‍റെ വിഡിയോ; ഞെട്ടി നേതൃത്വം
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജുവിനാണ് ഫേസ്ബുക്ക് പേജിന്‍റെ ചുമതല. രാത്രി വിഡിയോ അപ്‌ലോഡ് ചെയ്ത അഡ്മിനില്‍ ഒരാള്‍ ലിങ്ക് കോപ്പി ചെയ്തതിനൊപ്പം പേജിന്‍റെ പേരു കാണും വിധം വിഡിയോ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തു. പി.പി.ദിവ്യയെ സ്വീകരിക്കാന്‍ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ അടക്കം പോയതില്‍ ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. ഇതിലുള്ള അമര്‍ഷമോ പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥിയോടുള്ള താല്‍പര്യക്കുറവോ ആകാം വിഡിയോയ്ക്ക് പിന്നിലെന്നാണ് സംശയം. സമ്മേളനകാലത്തെ ഭിന്നതയെന്നും ആരോപണം ഉണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിന് ഒപ്പമുള്ളവര്‍ ഹാക്ക് ചെയ്തു എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ ആരോപണം. വിഡിയോ അപ്‌ലോഡ് ചെയ്ത ആള്‍ക്കെതിരെ രഹസ്യ നടപടി ഉണ്ടാവും. വിഡിയോ വിവാദത്തോടെ അഡ്മിന്‍ പാനല്‍ ഏറ്റവും പ്രധാനപ്പെട്ടവരെ മാത്രമാക്കിച്ചുരുക്കി.