chelakkara-bypol

TOPICS COVERED

ചേലക്കര പോളിങ് ബൂത്തിലെത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പണ വിവാദം കത്തുന്നു. വാഹന പരിശോധനയ്ക്കിടെ കാർ യാത്രക്കാരനിൽ നിന്ന് ഇരുപത് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ഇയാളുടെ പാലക്കാട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു. പണത്തിന്റെ ഉടമയ്ക്ക് പാലക്കാട്ടെ കോൺഗ്രസ് കൗൺസലർമാരുമായി ബന്ധമുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇ.പി ജയരാജന്റെ വിശ്വസ്തന്റെ പണമാണ് പിടിച്ചതെന്ന് കോൺഗ്രസും ആരോപിച്ചു. 

 

ചേലക്കര മണ്ഡലത്തിൽപ്പെട്ട ചെറുതുരുത്തിയിൽ വച്ചാണ് പാലക്കാട് കുളപ്പുള്ളി സ്വദേശി സി.സി ജയന്റെ വാഹനത്തിൽ നിന്ന് 19 ലക്ഷത്തി 70 ആയിരം രൂപ പിടിച്ചെടുത്തത്. ആദായ നികുതി പരിശോധനാ വിഭാഗം മേധാവി കെ അർജുൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. 25 ലക്ഷം രൂപ കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് പിൻവലിച്ചതായി പരിശോധനയിൽ വ്യക്തമായി. വീടു പണിക്കായുള്ള പണമാണെന്ന് ജയൻ പറയുന്നു. കുളപ്പുള്ളിയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ച് ലക്ഷം രൂപ കണ്ടെത്തി. മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം പണമായി കൈവശംവയ്ക്കാൻ അനുവദനീയമായതിൽ കൂടുതൽ തുകയാണ് ജയന്‍റെ പക്കലുണ്ടായിരുന്നത്. പണത്തിന്‍റെ സ്രോതസ് ഉൾപ്പെടെ വിശദമായി പരിശോധിച്ചു വരികയാണ്. പാലക്കാട്ടെ റെയ്ഡ് വിവാദത്തിന്‍റെയും കൊടകര കുഴൽപ്പണ കേസിന്‍റെയും പശ്ചാത്തലത്തിൽ ചെറുതുരുത്തിയിൽ പണം പിടിച്ചതും രാഷ്ട്രീയ വിവാദമായി. പണം സിപിഎമ്മിനായി കൊണ്ടു വന്നതാണെന്നും കരുവന്നൂർ കേസിലെ പ്രതികളുടെ ഉറ്റചങ്ങാതിയാണ് ജയനെന്നും അനിൽ അക്കര ആരോപിച്ചു.

പണത്തിന്റെ ഉടമ ജയന് പാലക്കട്ടെ കോൺഗ്രസ് കൗൺസലർമാരുമായി ബന്ധമുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി പ്രതികരിച്ചു. രേഖകൾ കൃത്യമാണെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം പണം വിട്ടു നൽകുന്നത് അടക്കം തുടർനടപടി സ്വീകരിക്കുമെന്ന് തൃശൂർജില്ലാ കലക്ടർ വ്യക്തമാക്കി. ചേലക്കരയിൽ സിപിഎം വ്യാപകമായി പണം വിതരണം ചെയ്യാൻ ശ്രമിക്കുന്നതായും പ്രത്യേക സംഘത്തെ നിയോഗിച്ച് വ്യാപക പരിശോധവേണമെന്നും ടി.എൻ പ്രതാപൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Chelakkara to the polling booth tommorrow