chelakkara

TOPICS COVERED

ചേലക്കര നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ മൂന്നര ആഴ്ചക്കാലം ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് നാട് സാക്ഷ്യംവഹിച്ചത്. എല്‍.ഡി.എഫിനെ ജയിപ്പിച്ച ഇരുപത്തിയെട്ടു വര്‍ഷം കൊണ്ടു നിങ്ങള്‍ എന്തു നേടിയെന്നാണ്  കോണ്‍ഗ്രസിന്‍റെ ചോദ്യം. പ്രധാന റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി തുടങ്ങിയ വികസനം എണ്ണിയെണ്ണി പറഞ്ഞാണ് എല്‍.ഡി.ഫിന്റെ മറുപടി. ഇരുകൂട്ടരയേും ഒഴിവാക്കി ആദ്യമായി അവസരം തരൂവെന്നാണ് ബി.ജെ.പി. ഉയര്‍ത്തി കാട്ടുന്നത്. 

 

ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ വീറുംവാശിയും ഗ്രാമങ്ങള്‍ തോറും പടര്‍ന്നു കഴിഞ്ഞു. മൂന്നു മുന്നണികളും മല്‍സരിച്ചപ്പോള്‍ ഉശിരന്‍ പ്രചാരണത്തിനു സാക്ഷ്യംവഹിച്ചു. കെ.രാധാകൃഷ്ണന്‍ എം.പി പ്രചാരണത്തില്‍ സജീവമല്ലെന്ന വിവാദം ഇടതുമുന്നണിയെ ആദ്യം പ്രതിരോധത്തിലാക്കി. പിന്നീട്, യു.ആര്‍.പ്രദീപിന്റെ തോളോടു തോള്‍ ചേര്‍ന്ന് രാധാകൃഷ്ണന്‍ പ്രചാരണത്തില്‍ സജീവമായപ്പോള്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞു. കേരളം ചര്‍ച്ച ചെയ്ത ഒട്ടുമിക്ക പ്രശ്നങ്ങളും ചേലക്കരക്കാരും ചെവികൊടുത്തു. മൂന്നു സ്ഥാനാര്‍ഥികളും ചുട്ടമറുപടികള്‍ നല്‍കിയാണ് രാഷ്ട്രീയ ആക്രമണങ്ങളെ നേരിട്ടത്. 

എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണമുണ്ടാക്കിയ തുടര്‍വിവാദങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രാദേശികമായ പ്രശ്നങ്ങള്‍ ഉയര്‍ത്തി കാട്ടാനായിരുന്നു കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും ശ്രമം. 530 കോളനികളുണ്ട് ചേലക്കരയില്‍. ഈ കോളനികളിലെ ക്ഷേമവിവരങ്ങള്‍ പുറത്തു കൊണ്ടുവരാനായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിച്ചത്. എല്‍.ഡി.എഫാകട്ടെ, ലൈഫ് മിഷന്‍ പദ്ധതിയില്‍ നല്‍കിയ വീടുകളുടെ എണ്ണം അവതരിപ്പിച്ചു. ചേലക്കരയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയില്ലെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനങ്ങള്‍. ചേലക്കര അന്തിമഹാകാളന്‍ കാവ് വെടിക്കെട്ട് മുടക്കിയത് മുന്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ചുമലില്‍ ചാരാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര ഏജന്‍സി പെസോയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സി.പി.എം അതിനെ നേരിട്ടത്. ത്രികോണ മല്‍സരമുണ്ടെന്ന് ബി.ജെ.പി. നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അത് അംഗീകരിക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും തയാറായില്ല. സി.പി.എം., ബി.ജെ.പി ഡീല്‍ ആക്ഷേപം മണ്ഡലത്തില്‍ സജീവമാക്കി നിര്‍ത്താന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചു. ഡോക്ടര്‍ പി.സരിന്റെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന്റെ പിടിപ്പുകേടാെണന്ന ചര്‍ച്ചയും സി.പി.എം കൊണ്ടുവന്നു. പതിനായിരം വോട്ടര്‍മാരാണ് പുതിയത്. ഇതില്‍ കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ത്തത് തങ്ങളാണെന്ന അവകാശവാദവുമായി മൂന്നു മുന്നണികളും രംഗത്തെത്തി. 

ENGLISH SUMMARY:

Chelakkara to the polling booth tomorrow