അഭിപ്രായഭിന്നതകൾക്കിടെ വി.ഡി.സതീശനും കെ.മുരളീധരനും വേദിപങ്കിട്ടു. മുരളീധരനുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സതീശൻ പറഞ്ഞു. അതൃപ്തി മറച്ചുവയ്ക്കാതിരുന്ന മുരളീധരൻ ആകട്ടെ, ഇപ്പോൾ കാണിക്കുന്ന സ്നേഹം 23ന് ശേഷവും കണ്ടാൽ മതിയെന്ന് പറഞ്ഞു. 

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്റ് ഹൗസിന്റെ അടുത്ത് കേരളാ ബാങ്ക് ജീവനക്കാർ നടത്തുന്ന സമരവേദിയിലാണ് മുരളീധരനും സതീശനും വേദിപങ്കിട്ടത്. മുരളീ ഉദ്ഘാടകനായ സമരവേദിയിലേക്ക് സതീശൻ എത്തുകയായിരുന്നു. പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചോ എന്ന ചോദ്യത്തിന് പാലക്കാട്ട് മുരളീ വന്നത് ചൂണ്ടിക്കാട്ടി സതീശന്റെ മറുപടി. സതീശൻ വേദിവിട്ട ശേഷം പ്രതികരിച്ച മുരളീ ആകട്ടെ നീരസം മറച്ചുവച്ചില്ല. മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന സതീശന്റെ വാദവും മുരളി തള്ളി.