ചേലക്കരയും വയനാടും നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് രണ്ട് മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും. ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പും നാളെ നടക്കും.
കണക്കിന്‍റെ കളികളിലാണ് ചേലക്കരയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതീക്ഷ. 9 പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. കൊണ്ടാഴി, തിരുവില്വാമല, പഴയന്നൂർ, ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, വരവൂർ, ദേശമംഗലം. ഇതില്‍ 6 പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫ്. മൂന്നിടത്ത് യുഡിഎഫ്. തിരുവില്വാമലയിൽ ബിജെപിയും യുഡിഎഫും ഒപ്പത്തിനൊപ്പമായതിനാൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നേടിയത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെ 177 ബൂത്തുകളിൽ 110 ൽ എൽഡിഎഫ് ലീഡ് ചെയ്തു. 64 എണ്ണത്തിൽ യുഡിഎഫും 3 ഇടത്ത് എൻഡിഎയും ലീഡ് നേടി. അവസാന 6 നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം എൽഡിഎഫിനായിരുന്നു. 2021ലെ ജയം 39,400 വോട്ടിന്. എന്നാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണന്റെ ചേലക്കര നിയമസഭാ മണ്ഡലത്തിലെ ലീഡ് 5,173 മാത്രം. ഇതാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന മനക്കണക്ക്. 1965 മുതൽ 2021 വരെ 14 നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നു. ഇതില്‍ എട്ടുതവണ ഇടതു പക്ഷവും ആറുവട്ടം യുഡിഎഫും ജയിച്ചു. ഇനി ബിജെപി പാളയത്തിനും പറയാനുണ്ട് ആത്മവിശ്വാസം നൽകുന്ന കണക്കുകൾ. 2021 ൽ എൻഡിഎ 24,045 വോട്ട് നേടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 28,974 ആയി ഉയർന്നു.
പാന്‍ ഇന്ത്യന്‍ പോരാട്ടമാണ് വയനാട്ടില്‍ നടക്കുന്നത്. 14 ലക്ഷം വോട്ടർമാർ 7 മണി മുതൽ സമ്മതിദാന അവകാശം രേഖപ്പെടുത്തും. നിശബ്ദ പ്രചരണ ദിവസമായ ഇന്നും പരമാവധി വോട്ടർമാരെ തേടിയുള്ള ഓട്ടത്തിലാണ് മുന്നണികൾ. പതിനാറ് സ്ഥാനാർഥികൾ, അതിൽ പതിനൊന്ന് പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. ഒരു സ്വതന്ത്ര സ്ഥാനാർഥിയൊഴിച്ചാൽ എല്ലാവരും ജില്ലയ്ക്ക് പുറത്തുള്ളവരുമാണ്.
മണ്ഡലമാകെ നിറഞ്ഞു നിന്ന നാലാഴ്ച്ച നീണ്ട പ്രചരണം, ദേശീയ- സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും കളത്തിലിറങ്ങിയ പോരാട്ടം. പതിനായിരങ്ങളെ അണി നിരത്തിയുള്ള റോഡ് ഷോ, വാദ പ്രതിവാദങ്ങൾ, വോട്ടർമാരെ കയ്യിലെടുത്തുള്ള പ്രസംഗങ്ങൾ. ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര ഫണ്ട് അനുവദിക്കാത്തത് മുതൽ മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് പഴകിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത് വരെ വയനാട്ടില്‍ ചർച്ചയായി. വഖഫ് വിഷയത്തിൽ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനയും വയനാട്ടിലെ പ്രചരണ കാലത്ത് ചര്‍ച്ചകളില്‍ നിറഞ്ഞു. 14,71,742 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 1354 ബൂത്തുകളും. 72.69% പോളിങാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഇത്തവണയതിൽ വർധനവുണ്ടാകുമെന്നാണ് കണക്കു കൂട്ടൽ.