ചേലക്കര പിടിക്കാൻ മൂന്ന് മുന്നണികളും വാശിയോടെ ഇറങ്ങിയ ഉപതിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പോളിങ്. ഉച്ചയ്ക്ക് ഒരുമണിവരെ 41.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പിണറായി വിജയൻ ഭരണത്തിന്‍റെ വിലയിരുത്തലും സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളുടെ ചർച്ചയും നടന്ന ചേലക്കരയിൽ ഇ.പി ജയരാജന്‍റെ പുസ്തക വിവാദമാണ് വിധിയെഴുത്തു ദിനത്തെ ചൂടുപിടിപ്പിച്ചത്. മൂന്ന് സ്ഥാനാർഥികളും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
അറുപതിന്‍റെ നിറവിലേയ്ക്ക് എത്തുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിന് വോട്ടർമാർക്കിടയിൽ ആവേശപ്പൂരം. മിക്ക പോളിങ് ബൂത്തുകളിലും നീണ്ട നിര. എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപ് കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്കൂളിലെ 25 ആം നമ്പർ ബൂത്തിൽ വോട്ടു ചെയ്തു. വിവാദങ്ങളൊന്നും ചേലക്കരയെ ബാധിക്കില്ലെന്ന് പ്രദീപ്. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് മണ്ഡലത്തിൽ വോട്ടില്ല. പരീക്ഷാഹാളിന് പുറത്തു നിൽക്കുമ്പോൾ ടെൻഷനില്ലെന്നും ചേലക്കര തന്നെ ചേർത്തുപിടിക്കുമെന്നും രമ്യ.
എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണൻ പാമ്പാടി സ്കൂളിൽ വോട്ടു ചെയ്തു.തോന്നൂർക്കരയിൽ വോട്ട് ചെയ്ത എം.പി കെ രാധാകൃഷ്ണൻ തന്നോട് സിപിഎം അനീതി കാട്ടിയെന്ന കോൺഗ്രസ് പ്രചാരണത്തിന് മറുപടി നൽകി.മായന്നൂർ ചിറങ്കര വി.എൽ.പി സ്കൂളിൽ വോട്ടു ചെയ്ത സംവിധായകൻ ലാൽ ജോസ് മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിലേയ്ക്ക് വിരൽ ചൂണ്ടി.
മുള്ളൂർക്കര മനപ്പടിയിൽ പോസ്റ്റർ കെട്ടിയതിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. വരവൂരിൽ മോക് പോളിങ്ങിനിടെ വോട്ടിങ് യന്ത്രത്തിൽ തിയതി തെറ്റായി രേഖപ്പെടുത്തിയതായി കണ്ടെത്തിയതോടെ യന്ത്രം മാറ്റി. പ്രശ്നസാധ്യതാ ബൂത്തുകളിൽ സിപിഎമ്മും ബിജെപിയും സംഘർഷ സാഹചര്യമുണ്ടാക്കുന്നതായി കോൺഗ്രസ് ആരോപിച്ചു.