വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങിയതിന് തൊട്ടുപിന്നാലെ സിപിഎമ്മിനെ വെട്ടിലാക്കി വീണ്ടും ഇ.പി.ജയരാജന്‍. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്‍ അവസരവാദിയാണെന്ന് പരാമര്‍ശം ‘കട്ടന്‍ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തില്‍ ഉണ്ടെന്നാണ് വിവരം. യുഡിഎഫില്‍ സ്ഥാനാര്‍ഥിത്വം കിട്ടാതായപ്പോള്‍ ഇരുട്ടി വെളുക്കുംമുന്‍പുള്ള മറുകണ്ടംചാടലാണ് സരിന്റേതെന്നാണ് നിലപാട്. സ്വതന്ത്രര്‍ വയ്യാവേലിയായ സന്ദര്‍ഭമുണ്ടെന്നും പി.വി.അന്‍വര്‍ അതിന്റെ പ്രതീകമാണെന്നും പരാമര്‍ശമുണ്ട്. പ്രസാധകരായ ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്ന വിവരം പുറത്തുവിട്ടത്. പിന്നാലെ ഇതിലെ പേജുകളുടേതെന്ന് കരുതുന്ന ചിത്രങ്ങളും പുറത്തുവന്നു.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ആ പാര്‍ട്ടിയില്‍ ചേരാനല്ലെന്നും ഇ.പി. ആത്മകഥയില്‍ പറയുന്നു. കഥകള്‍ പ്രചരിപ്പിച്ചത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ്. ജാവഡേക്കറെ കണ്ട കാര്യം തുറന്നുപറഞ്ഞത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനെന്നും ഇപി വ്യക്തമാക്കുന്നു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയതിലെ അതൃപ്തിയും പ്രയാസവും സിപിഎം കേന്ദ്രകമ്മിറ്റിം അംഗമായ നേതാവ് പങ്കുവച്ചു. ‘ഈ വിഷയത്തില്‍ പാര്‍ട്ടി എന്നെ മനസിലാക്കിയില്ല എന്നതില്‍ വിഷമമുണ്ടെ’ന്നും ഇ.പി. പറയുന്നു.
പുസ്തകത്തിന്റെ കവര്‍ ചിത്രം ഡിസി ബുക്‌സ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. ഇഎംഎസിനൊപ്പം നില്‍ക്കുന്ന ജയരാജന്റെ ചിത്രമാണ് കവര്‍. ‘പല അപ്രിയസത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇപി ജയരാജന്റെ ‘കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ ഉടന്‍ വരുന്നു’ എന്ന ക്യാപ്ഷനും പോസ്റ്റിലുണ്ട്.
എന്നാല്‍, തന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ആത്മകഥയെന്ന് ഇ.പി.ജയരാജന്‍. ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ഇപി മനോരമ ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം വാര്‍ത്ത പുറത്തുവന്നത് ആസൂത്രിതമാണ്. സര്‍ക്കാരിനെതിരായ വിമര്‍ശനം ആത്മകഥയില്‍ ഉണ്ടെന്ന വാര്‍ത്തയോടാണ് പ്രതികരണം. സ്ഥാനാര്‍ഥിയെപ്പറ്റിയുള്ള പരാമര്‍ശം ബോധപൂര്‍വമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജന്‍.