വയനാട്ടിൽ വിധിയെഴുത്ത് 6 മണിക്കൂർ പിന്നിടുമ്പോൾ പ്രതീക്ഷിച്ചത്ര പോളിങ് ഇല്ലാത്തതിലെ ആശങ്കയിലാണ് മുന്നണികൾ. ബത്തേരി, തിരുവമ്പാടി മണ്ഡലങ്ങളിലെ നാലു ബൂത്തുകളിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളൊഴിച്ചാൽ വോട്ടെടുപ്പ് സുഗമമായി തന്നെ തുടരുകയാണ്..
മന്ദഗതിയിലായിരുന്നു മണ്ഡലത്തിലെ പോളിങ്, മിക്ക ബൂത്തുകളിലും ഒഴിഞ്ഞ സ്ഥിതി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് നിലയിൽ നേരിയ വർധനവുണ്ടാവുന്നുണ്ടെങ്കിലും ബത്തേരി പോലുള്ള ഇടങ്ങളിൽ ആശങ്കയുണ്ട്. രാവിലെ ബൂത്തുകളിലെത്തിയ സ്ഥാനാർഥികൾ ആത്മവിശ്വാസവും പ്രതീക്ഷയും പങ്കു വെച്ചു.
ചൂരൽമലയിലെ ദുരന്ത ബാധിതരുടെ ബൂത്തിൽ രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. സർവ്വതും നഷ്ടപ്പെട്ട മനുഷ്യരുടെ വൈകാരിക കണ്ടുമുട്ടലിനും പോളിങ് ബൂത്ത് സാക്ഷിയായി. 1354 ബൂത്തുകളിലായാണ് പോളിങ് പുരോഗമിക്കുന്നത്. തിരുവമ്പാടി , ബത്തേരി മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം പോളിങ് തടസ്സപ്പെട്ടെങ്കിലും പിന്നീട് പരിഹരിച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാതെ പോളിങ് തുടരുകയാണ്..