ആത്മകഥ വിവാദത്തില്‍ ഇ.പി ജയരാജന്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് പാലക്കാട്ടെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിന്‍. ഒരു കഥയും അന്തരീക്ഷത്തിലില്ല. ജയരാജന്‍ വരുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും പറയാനുള്ള കാര്യങ്ങള്‍ നിഷ്കളങ്കമായി അദ്ദേഹം പറയുമെന്നും സരിന്‍ മനോരമന്യൂസിനോട് പറഞ്ഞു. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടതിന്‍റെ കണക്ക് പാലക്കാട്ടെ ജനങ്ങള്‍ വോട്ടുചെയ്ത് തീര്‍ക്കുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവാദങ്ങള്‍ക്കിടെ സരിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇ.പി ജയരാജൻ പാലക്കാടേക്ക് തിരിച്ചു. വൈകിട്ട് അഞ്ചിന് പാലക്കാട് ബസ് സ്റ്റാൻഡിൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ ഇ. പി ജയരാജൻ സംസാരിക്കും. ഇ.പി ജയരാജന്‍റേതായി പ്രചരിക്കുന്ന ആത്മകഥയിൽ സരിന്‍റെ സ്ഥാനാർഥിത്വത്തെ വിമർശിക്കുന്ന പരാമർശങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് ആശയക്കുഴപ്പം ഒഴിവാക്കാൻ നേതൃത്വം ഇടപെട്ട് ഇപിയെ പാലക്കാട്ടെത്തിക്കുന്നത്.
'ഇരുട്ടിവെളുക്കും മുന്‍പ് മറുകണ്ടം ചാടിയ ആളെന്നായിരുന്നു പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കുറിച്ച് ഇപിയുടേതെന്ന് അവകാശപ്പെടുന്ന ആത്മകഥയില്‍ കുറിച്ചിരുന്നത്.അങ്ങനെ വരുന്നവരുടെ താല്‍പര്യം വെറും സ്ഥാനമാനങ്ങളാണോ എന്നാണ് പരിശോധിക്കേണ്ടത്. സരിനെ സ്ഥാനാര്‍ഥിയാക്കിയത് ശരിയോ തെറ്റോയെന്ന് കാലം തെളിയിക്കട്ടെ' എന്നും പുറത്തുവന്ന ഭാഗങ്ങളില്‍ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ വോട്ടെടുപ്പ് ദിനത്തിലെ ആത്മകഥാ ബോംബില്‍ ഇപിയോട് സിപിഎം വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇ.പി പങ്കെടുക്കും. എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായാവും ഇ.പി സെക്രട്ടേറിയറ്റിൽ പങ്കെടുക്കുക. ആത്മകഥ വിവാദത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ യോഗം ഇ.പിയോട് ആവശ്യപ്പെടും. ആത്മകഥ ഡി.സി ബുക്സിനെ ഏൽപ്പിച്ചിട്ടില്ലന്നാണ് ഇ.പി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ ചില ഭാഗങ്ങൾ കൈമാറിയിട്ടുണ്ടെന്നും പ്രസിദ്ധീകരിക്കാൻ അന്തിമ അനുമതി നൽകുകയോ തീയതി തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് ചില സിപിഎം നേതാക്കളോട് പറഞ്ഞത്. എങ്ങനെയാണ് ആത്മകഥ ചോർന്നത് എന്നതിൽ ദുരൂഹത തുടരുകയാണ്. ഇക്കാര്യത്തിൽ ഇ പിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുക. അതേസമയം അന്വേഷണം ആവശ്യപെട്ട് ഇ പി ജയരാജൻ നൽകിയ പരാതിയിലെ തുടർനടപടി ഇന്ന് ഡിജിപി തീരുമാനിക്കും.