ഇ.പി ജയരാജന്‍ സത്യസന്ധനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എപ്പോളും സത്യമേ പറയൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സിപിഎം ഇപിയെ ചവിട്ടി പുറത്താക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യം സത്യം പറയാന്‍ ഇപിയെ സമ്മതിക്കില്ലെന്നേയുള്ളൂ. ഇന്നലെ പാലക്കാട്ട് കൊണ്ടുവന്ന് എഴുതിയത് പാര്‍ട്ടി മാറ്റിപ്പറയിപ്പിച്ചതാണ്. കേട്ടിട്ട് ആ സ്ഥാനാര്‍ഥി പോലും ചിരിച്ചു പോയില്ലേ. ഇപി പാലക്കാട് വന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കുറിച്ച് പറ‍ഞ്ഞത് കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രധാനപ്പെട്ട തമാശയാണെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.

അതേസമയം, ഇപിക്ക് അഭയം നല്‍കുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ഇപിക്ക് കമ്യൂണിസ്റ്റുകാരനായി തന്നെ തുടരാനാകും ആഗ്രഹമെന്നും അങ്ങനെ ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

ആത്മകഥാ വിവാദത്തെ കുറിച്ച് സതീശന്‍ പറഞ്ഞതിങ്ങനെ..'ഇപി ഡിജിപിക്ക് കൊടുത്ത പരാതിയില്‍ ഡിസിബുക്സിന്‍റെ പേരില്ല. നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ അത് അദ്ദേഹത്തിന്‍റെ ആത്മകഥയാണെന്ന്. അന്തരീക്ഷത്തില്‍ നിന്ന് ഒരാത്മ കഥയുണ്ടാക്കി പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്സ് പോലെ ഒരു സ്ഥാപനം തയ്യാറാകുമോ? അദ്ദേഹം പറഞ്ഞല്ലോ, ഭാഷാശുദ്ധി വരുത്താന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന്. പിന്നെ ഇത് പുറത്ത് കൊടുത്തത് ആരാണെന്ന് ഞങ്ങളാദ്യമേ പറഞ്ഞല്ലോ, ഇപിയുടെ മിത്രങ്ങളാണോ, ശത്രുക്കളാണോ എന്നേ അറിയാനുള്ളൂ'. ഇപിയെ സിപിഎം ബലിയാടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

ENGLISH SUMMARY:

Opposition leader VD Satheesan says that EP Jayarajan is honest and always tells the truth. There is a possibility that the CPM will kick EP out after the elections, adds VD Satheesan.