sandeep-panakkad

കസേരയുടെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ ഇരിക്കുന്ന കസേരയുടെ വിലയറിയാത്തവരാണന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയര്‍. പാണക്കാട് എത്തിയപ്പോള്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പമിരിക്കാന്‍ വലിയ കസേര കിട്ടിയെന്നും പറഞ്ഞു. പാണക്കാടെത്തിയ സന്ദീപ് വാരിയരെ സ്വീകരിക്കാന്‍ മുസ്ലീംലീഗിന്‍റെ പ്രധാന നേതാക്കള്‍ എത്തിയിരുന്നു. സന്ദീപ് വാരിയര്‍ക്കൊപ്പം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളേയും മുഖ്യമന്ത്രി കടന്നാക്രമിച്ചു. പാണക്കാട് തങ്ങള്‍ക്ക് മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്‍റേയും ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.   

 

ലീഗിനേയും പാണക്കാട് കുടുബത്തേയുമെല്ലാം മുന്‍പ് കടന്നാക്രമിച്ചിരുന്ന സന്ദീപ് വാരിയരുടെ പാണക്കാട്ടേക്കുളള വരവിനെ അല്‍പം കൗതുകത്തോടെയാണ് എല്ലാവരും വീക്ഷിച്ചത്. മലപ്പുറവുമായുളളത് പൊക്കിള്‍ക്കൊടി ബന്ധമാണന്നും ലീഗും പാണക്കാട് കുടുംബവും മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്നവരാണന്നും പറഞ്ഞു. 

തന്നെ കൊല്ലാന്‍ ഇന്നോവ അയയ്ക്കുന്നത് ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്നാണന്നും ആ വാഹനം ഓടിക്കുക മന്ത്രി എം.ബി. രാജേഷാവുമെന്നും സന്ദീപ് വാരിയര്‍. സന്ദീപ് വാരിയര്‍ പാണക്കാട്ടേക്ക് പോയാല്‍ പഴയതെല്ലാം മാറുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. പഴയ തങ്ങളെപ്പോലെയല്ല ഇപ്പോഴത്തെ സാദിഖലി ശിഹാബ് തങ്ങളെന്നും പിണറായി വിജയന്‍ പാലക്കാട് പറഞ്ഞു. സന്ദീപ് വാരിയര്‍ ബിജെപി വിട്ടാണ് വന്നതെങ്കിലും കൂട്ടക്കരച്ചില്‍ സിപിഎമ്മിനുളളലാണന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിക്കു കഴിയാത്തത് പാണക്കാട് സാദിഖലി തങ്ങള്‍ ചെയ്യുന്നതിലുളള വിഷമവും അങ്കലാപ്പുമാണ് ആക്ഷേപമായി ഉന്നയിക്കുന്നത്. 

ലീഗുകാരുടെ കാലു പിടിക്കാനാണ് സന്ദീപ് വാരിയര്‍ പാണക്കാട്ടേക്ക് പോയതെന്ന് എ.കെ. ബാലന്‍.

സന്ദീപ് പാണക്കാട്ടേക്ക് പോയത് നല്ല കാര്യമെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ പരിഹാസം. എംഎല്‍എ മാരായ എന്‍. ഷംസുദ്ദീനും നജീബ് കാന്തപുരവും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജും ചേര്‍ന്ന് സന്ദീപ് വാരിയരുടെ വീട്ടിലെത്തി സ്വീകരിച്ചാണ് പാണക്കാടേക്ക് കൂട്ടിക്കൊണ്ടുപോയത്.

ENGLISH SUMMARY:

Sandeep Varier Visit Panakkad Family after joining Congress