തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് കൊച്ചി കോർപറേഷനിലെ വാർഡുകൾ പുനർനിർണയിച്ചതിൽ എതിർപ്പും, വിയോജിപ്പും പ്രകടിപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അതിർത്തി പുനർനിർണയം രാഷ്ട്രീയ ലാക്കോടെയാണ് എന്നാണ് ആരോപണം. ഇടതുമുന്നണിയുടെ ഈ നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ പ്രതിപക്ഷനേതാവ് ആന്‍റണി കുരീത്തറ പറഞ്ഞു.
പുനർനിർണയത്തിൽ അതിർത്തികൾ മാറിയതിനൊപ്പം, ഈരവേലി, ചമ്പക്കര ഡിവിഷനുകൾ ഇല്ലാതായി. വാർഡുകൾ 76 ആയെങ്കിലും, അതിർഥി പുനർനിർണയത്തിലൂടെ സിപിഎം ഭരണം നിലനിർത്താനുള്ള നീക്കം നടത്തി എന്നാണ് വിമർശനം.
ഡിവിഷൻ അതിർത്തി മാറിയപ്പോൾ മേയറുടെ വാർഡിൽ ഉൾപെടെ മാറ്റങ്ങൾ വരുത്താതെ ശ്രദ്ധിക്കുകയും ചെയ്തുവെന്നും കുരീത്തറ പറഞ്ഞു. സിപിഎം പാർട്ടി ഓഫീസുകൾ തയാറാക്കിയ ഡ്രാഫ്റ്റ് മാറ്റം വരുത്താതെ ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തി എന്ന് ബിജെപിയും പറയുന്നു.