ഭരണഘടന അധിക്ഷേപപ്രസംഗത്തില്‍ സജി ചെറിയാന്‍ രാജി വയ്ക്കേണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. വിഷയം നിയമപരമായി നേരിടും. ഇതിനായി അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം തേടും. മന്ത്രിയായതിനാല്‍ പ്രത്യേക ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു. മന്ത്രിയായിതന്നെ തുടരാമെന്നാണ് അതിനര്‍ഥം. ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് കേരള പൊലീസിന്‍റെ വിശ്വാസ്യതയെ കാണിക്കുന്നുവെന്നും പാര്‍ട്ടി. അതേസമയം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സജി ചെറിയാന്‍ പങ്കെടുത്തിരുന്നില്ല. ചേര്‍ത്തല ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിട്ടുനില്‍ക്കുന്നു എന്നായിരുന്നു വിശദീകരണം.
2022 ജൂലൈയിൽ പ്രസംഗ വിവാദം ഉയർന്ന ഘട്ടത്തിലും സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. അന്നത്തെ യോഗം കഴിഞ്ഞു പുറത്തേക്കിറങ്ങിയ സജി ചെറിയാൻ എന്തിനു രാജിവയ്ക്കണമെന്നാണ് മാധ്യമങ്ങളോടും പ്രതികരിച്ചത്. എന്നാൽ സിപിഎം മന്ത്രിയുടെ ഭരണഘടനാ അധിക്ഷേപം ബിജെപി ദേശീയ തലത്തിൽ ചർച്ചയാക്കുമെന്നതടക്കം ചൂണ്ടിക്കാട്ടി പാർട്ടി കേന്ദ്രനേതൃത്വം ശക്തമായി ഇടപെട്ടതോടെയാണ് അന്നു വൈകിട്ടു തന്നെ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
ഭരണഘനടാമൂല്യങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന പരാമര്‍ശങ്ങളാണ് സജി ചെറിയാന്‍ പ്രസംഗത്തില്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ വിഷയം വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ സാന്ദർഭികമായി ഉപയോഗിച്ചതാണെന്നും, ഭരണഘടനയെ അവഹേളിക്കുന്നതല്ലെന്നുമായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്. ഈ പ്രസംഗത്തില്‍ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നാണ് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നത്. കോടതി പക്ഷേ അത് റദ്ദാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ചെറിയാന്റെ വാക്കുകള്‍ നല്ല ഭാഷയിലല്ലെന്ന് നിരീക്ഷിച്ച കോടതി ഭരണഘടനയെ മാനിക്കുന്നതല്ല പ്രസ്താവനയെന്നും വിലയിരുത്തി.